പെരിന്തൽമണ്ണ: താലൂക്കിലെ ചീരട്ടാമലയിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറികളിൽനിന്ന് ഒരേ സമയം 72 ടിപ്പർ ലോറിയും മൂന്ന് മണ്ണുമാന്തിയും പിടികൂടി. അനധികൃതമായി കല്ല് കയറ്റിപ്പോവുന്നത് സംബന്ധിച്ച് ജിയോളജിക്കൽ സർവേ വിഭാഗം ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിന് പിറകെയാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്.
തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. മേഖലയിലെ അനധികൃത ക്വാറികളിൽനിന്ന് നിത്യേന വൻതോതിൽ ചെങ്കല്ല് കയറ്റിപ്പോവുന്നുണ്ട്. വേറെയും ക്വാറികളും അവയിൽ വാഹനങ്ങളും ഇതേ പ്രദേശത്തുണ്ട്.
ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശവും ആഭ്യന്തര സാമ്പത്തികനഷ്ടവും വലുതാണെന്ന് കഴിഞ്ഞ ദിവസം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പുലാമന്തോൾ വില്ലേജിലെ ചീരട്ടാമലയിൽ ചെങ്കുത്തായതും വെളിമ്പറമ്പായി കിടക്കുന്നതുമായ ഭാഗങ്ങളിൽ അനുമതി ഇല്ലാതെ വർഷങ്ങളായി ചെങ്കൽ ഖനനം നടക്കുന്നുണ്ട്. ഇക്കാര്യം റവന്യൂ, ജിയോളജി വകുപ്പുകൾക്ക് അറിയാമെങ്കിലും രാഷ്ട്രീയ ഇടപെടലിൽ നടപടി ഉണ്ടാവാറില്ല.
ഗുണനിലവാരമുള്ള ചെങ്കല്ലായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. ഈ ഭാഗത്ത് ഭൂമി പാട്ടത്തിനെടുത്ത് അന്തർ സംസ്ഥാന തൊഴിലാളികളെ വെച്ച് പണിയെടുപ്പിച്ചാണ് ഖനനം. മിക്ക ക്വാറികളും ഖനനം നടത്തുന്നവരുടെ ഉടമസ്ഥതയിലുള്ളതല്ല. ഭൂമിയുള്ളവർക്ക് ഖനനത്തിനനുസരിച്ച് വാടക നൽകിയാണ് പ്രവർത്തനം.
പരിസരവാസികളുടെയും നാട്ടുകാരുടെയും എതിർപ്പുയരുമ്പോൾ മാത്രമാണ് റവന്യൂ സംഘം പരിശോധനക്കിറങ്ങുക. പലപ്പോഴായി നടത്തിയ പരിശോധനകളിലെല്ലാം മേഖലയിൽ പ്രവർത്തിക്കുന്നവ അനധികൃത ഖനനമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും സ്ഥിരമായി ഖനനം നിർത്താൻ കഴിഞ്ഞിരുന്നില്ല. പിടിച്ചെടുത വാഹനങ്ങൾ പിഴ ചുമത്തി മഞ്ചേരിയിലെ ജിയോളജി ഓഫിസ് വഴി വിട്ടുനൽകും. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഖനനം തുടങ്ങാറാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.