കാവനൂർ: കാവനൂരിൽ കോഴിഫാമിലുണ്ടായ തീപിടിത്തത്തിൽ 2500ഓളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പുലിയറക്കുന്നിലെ റഹ്മത്തുല്ലയുടെ ഫാമിന് തീപിടിച്ചത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ മഞ്ചേരി അഗ്നിരക്ഷസേന ഓഫിസിൽ അറിയിക്കുകയായിരുന്നു.
നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷസേന തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും ഫാമിലുണ്ടായിരുന്ന 3,000 കോഴിക്കുഞ്ഞുങ്ങളിൽ 2500ഓളം എണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു.
എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം. കോഴിക്കുഞ്ഞുങ്ങൾക്ക് പുറമെ ഷെഡും പൂർണമായി കത്തിമർന്നിട്ടുണ്ട്.
മഞ്ചേരി അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ പ്രദീപ് പമ്പലാത്തിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ബിജേഷ്, കെ.സി ഫയർമാൻ കൃഷ്ണകുമാർ, അരുൺ ലാൽ, സജീഷ്, ശ്രീലേഷ്, അബ്ദുൽസത്താർ, ജോജി ജേക്കബ്, കൃഷ്ണൻ തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.