മൈസൂരുവിൽ വിനോദയാത്ര പോയ യുവാക്കളെ ആക്രമിച്ച് പണം കവർന്നു പ്രതികളെ പിടികൂടികാളികാവ്: വിനോദയാത്രക്കിടെ മൈസൂരുവിൽ ക്രൂരമർദനമേൽക്കുകയും കവർച്ചക്കിരയാവുകയും ചെയ്ത യുവാക്കളെ പൊലീസ് ഇടപെട്ട് നാട്ടിലെത്തിച്ചു. പള്ളിശ്ശേരി സ്വദേശികളായ പി.കെ. ബാസിൽ, പി.കെ. ഷറഫുദ്ദീൻ, ടി. ലബീബ്, പി.വി. സക്കീർ, സി. ഷറഫുദ്ദീൻ എന്നിവരാണ് മൈസൂരുവിൽ പതിനൊന്നംഗ കവർച്ചസംഘത്തിന്റെ ആക്രമണത്തിനിരയായത്. ഏപ്രിൽ 29ന് മൈസൂരു എസ്.എസ് നഗറിലായിരുന്നു സംഭവം. മാരുതി സ്വിഫ്റ്റ് കാറിൽ മൈസൂരുവിലേക്ക് യാത്ര പുറപ്പെട്ട യുവാക്കൾക്ക് രാത്രി ഏറെ വൈകിയതിനാൽ ലോഡ്ജ് ലഭിച്ചില്ല. ഇതിനിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവർ താമസിക്കാൻ വീട് ഒരുക്കിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ടൗണിൽനിന്ന് മാറിയുള്ള സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. യുവാക്കളെ വീട്ടിനകത്താക്കിയ ശേഷം വാതിൽ പൂട്ടി. ഇതിനിടയിലാണ് സ്ത്രീകളടങ്ങുന്ന കന്നട സ്വദേശികൾ വീടിനകത്ത് കടന്ന് യുവാക്കളെ ആക്രമിച്ച് ഫോണുകളും പണവും കവർന്നത്. മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഇവരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയും തുടർന്ന് കവർച്ചസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. രണ്ടര ലക്ഷത്തോളം രൂപയാണ് കൈക്കലാക്കിയത്.
ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. ഇതിനിടെ നാട്ടിൽനിന്ന് പൊതുപ്രവർത്തകൻ കൊമ്പൻ നാണി, തോളുരാൻ മിഥിലാജ്, കെ. സാദിഖ്, കെ.കെ. നഈമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസിൽ അറിയിച്ചു. സി.പി.എം ജില്ല സെക്രട്ടറിയുടേതടക്കം ഇടപെടലുമുണ്ടായി. കാളികാവ് എസ്.ഐ വി. ശശിധരനും പൊലീസ് അസോസിയേഷനും ചേർന്ന് പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ കർണാടക പൊലീസുമായി ബന്ധപ്പെടുകയും സൈബർ സെൽ സഹായത്തോടെ പ്രതികളെ പിടികൂടുകയും ചെയ്തു. 11 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. യുവാക്കൾക്ക് പുലർച്ചയോടെ നാട്ടിലേക്ക് രക്ഷപ്പെടാനായി. കർണാടക യു.എഫ്.ബി.എ ഓൾ ഇന്ത്യ വൈസ് പ്രസിഡന്റ് മുസ്തഫ ബത്തേരി, മൈസൂരുവിലെ കെ.എം.സി.സി ഭാരവാഹികളായ നൗഫൽ, മനാഫ്, മുഹമ്മദ്, കർണാടക കർഷകസംഘം സംസ്ഥാന പ്രസിഡന്റ് അരുൺകുമാർ തുടങ്ങിയവരാണ് അവിടെ സഹായത്തിന് എത്തിയത്. മൈസൂരു പാലസിന് സമീപത്തെ എൻ.ആർ പൊലീസ് സ്റ്റേഷനിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.