എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ പൊളിക്കാനുള്ള ഇടങ്ങൾ ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തിത്തുടങ്ങി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി പൊതുമരാമത്ത് അസി. എൻജിനീയര്‍ ഇന്‍സാഫ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് അസി. എൻജിനീയര്‍ ജിത്തു എന്നിവരടങ്ങിയ സംഘമാണ് പൊളിക്കാനുള്ള ഭാഗങ്ങൾ അടയാളപ്പെടുത്തുന്നത്. കൊണ്ടോട്ടി റോഡിലെ മുഴുവന്‍ കെട്ടിടങ്ങളിലും അടയാളപ്പെടുത്തി. ബാക്കിയുള്ള മൂന്ന് റോഡിലും വരുംദിവസങ്ങളില്‍ അടയാളപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിച്ച് ചാലിയാറില്‍ എളമരം, കൂളിമാട്-മപ്രം പാലങ്ങള്‍ തുറന്നതോടെ എടവണ്ണപ്പാറയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഒരു മാസം മുമ്പ് വാഴക്കാട് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേര്‍ത്ത് സ്ഥലം എം.എല്‍.എ ടി.വി. ഇബ്രാഹീം, പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ എന്നിവരും പൊതുമരാമത്ത്, മോട്ടോർ വെഹിക്കിള്‍, കെ.എസ്.ഇ.ബി, പൊലീസ് ഉദ്യോഗസ്ഥരും എടവണ്ണപ്പാറയിലെ നാല് റോഡുകളും പരിശോധന നടത്തുകയും അവലോകന യോഗം ചേര്‍ന്ന് കൈയേറിയ സ്ഥലങ്ങള്‍ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു.
റോഡിലേക്കും ഫുട്പാത്തിലേക്കും ഇറക്കിക്കെട്ടിയ ഭാഗങ്ങളും അനധികൃത തെരുവുകച്ചവടങ്ങളും പൊളിച്ചുമാറ്റാൻ 15 ദിവസം സാവകാശം നല്‍കിയുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നോട്ടീസ് നാല് റോഡിലെയും കെട്ടിട ഉടമകള്‍ക്കും കച്ചവടക്കാര്‍ക്കും നല്കി.
നോട്ടീസ് സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റേണ്ട സ്ഥലം അടയാളപ്പെടുത്തി നല്‍കിയത്.വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്സല്, ആയിശ മാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അബൂബക്കര്‍, ആദം ചെറുവട്ടൂര്‍, കുഴിമുള്ളി ഗോപാലന്, ഗ്രാമപഞ്ചായത്ത് ജനപത്രിനിധികളായ മലയില്അബ്ദുറഹ്മാന്, പി.ടി. വസന്തകുമാരി, ഷെമീനസലീം, സരോജിനി, വാഴക്കാട് എസ്.ഐ. അലവിക്കുട്ടി, നിഖില്‍, റഫീഖ്, മുസ്തഫ, സജേഷ് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.