തേഞ്ഞിപ്പലം: 28 വർഷം മുമ്പ് കാണാതായ പെരുവള്ളൂർ കൂമണ്ണ വലിയപറമ്പ് സ്വദേശിയെ കാണാൻ ചെന്നൈയിൽ നാട്ടുകാരും അയൽവാസികളും എത്തിയപ്പോൾ അവർക്ക് മുന്നിൽ കണ്ണുനിറച്ച് അബൂബക്കർ. ചെന്നൈയിൽ കച്ചവടക്കാരായ നിസാർ, ഷൗക്കത്ത് എന്നിവരാണ് അബൂബക്കറിനെ കാണാനെത്തിയത്. രണ്ടുപേരും അവരുടെ കുട്ടിക്കാലത്ത് അബൂബക്കറിനെ കണ്ട ഓർമ വെച്ച് ആളെ തിരിച്ചറിഞ്ഞു.
നാട്ടിലേക്ക് പോവാൻ ക്ഷണിച്ചപ്പോൾ കണ്ണീർ ചാലിച്ച മറുപടിയാണ് അബൂബക്കർ നൽകിയത്. എല്ലാം എവിടെയോ ഓർമ ബാക്കിയുള്ളതുപോലെയാണ് അനുഭവപ്പെട്ടതെന്ന് നിസാറും ഷൗക്കത്തും പറഞ്ഞു. മാനസിക അസ്വസ്ഥതയുണ്ടെങ്കിലും പറയുന്നതെല്ലാം മനസ്സിലാവുന്നുണ്ട്.
പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരങ്ങളുടെയും നാട്ടുകാരായ സമപ്രായക്കാരുടെയും പേര് പറയുമ്പോൾ സങ്കടം പ്രകടിപ്പിക്കുന്നുമുണ്ട്. തറവാട്ടു പേര് പറഞ്ഞുകൊടുത്തപ്പോഴും കണ്ണീർ പൊഴിച്ച അബൂബക്കറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. 28 വർഷം നാടുമായി ബന്ധമില്ലാതെ തനിച്ചായി ചെന്നൈയിലെ മാനസികാരോഗ്യ ആശുപത്രിയിൽ കിടന്ന അബൂബക്കറിന് അധികമൊന്നും സംസാരിക്കാൻ കഴിയുന്നില്ല.
കുടുംബങ്ങളും നാട്ടുകാരുമായും വിഡിയോ കാളിൽ ബന്ധപ്പട്ട് അബൂബക്കർ കൺകുളിർക്കെ കണ്ടപ്പോൾ സന്തോഷ തിമിർപ്പിൽ ആയിരുന്നു അവർ. ചാനത്ത് വീട്ടിൽ മമ്മുദുവിന്‍റെ മകനാണ് 54കാരനായ അബൂബക്കർ. പിതാവും മാതാവും സഹോദരനും വിടപറഞ്ഞത് ഇതുവരെ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽനിന്ന് നാട്ടിലേക്ക് ലഭിച്ച ഫോട്ടോ വെച്ച് അബൂബക്കറിനെ തിരിച്ചറിയാനായി നാട്ടുകാരും ബന്ധുക്കളും ശ്രമം നടത്തിയത്.
ചെന്നൈയിലെ സന്നദ്ധ സംഘടന ഭാരവാഹികളാണ് വിവരം നാട്ടിൽ അറിയിച്ചത്. നാടിനെക്കുറിച്ച് ചോദിച്ചപ്പോൾ തിരൂരങ്ങാടി, ഒളകര എന്നീ പേരുകൾ വ്യക്തമാക്കിയതനുസരിച്ച് സംഘടനക്കാർ ഫോട്ടോ സഹിതം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. 25 വയസ്സുള്ളപ്പോൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങിവരവെ 1994ൽ ചെന്നൈയിൽ വെച്ചാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.