പൊന്നാനി: നിയമം ലംഘിച്ച് കൃത്രിമപാര് ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധന രീതിയുമായി തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികൾ വീണ്ടും വ്യാപകമായി. കുലച്ചില്‍ മീന്‍പിടിത്തം എന്നാണ് കുപ്രസിദ്ധമായ ഈ രീതിയുടെ പേര്. തേങ്ങയിട്ട് കഴിഞ്ഞാല്‍ പറമ്പുകളില്‍ ശല്യമായിക്കിടക്കുന്ന കുലച്ചിലുകളില്‍ നിന്ന് കോടികള്‍ കൊയ്യുന്ന മത്സ്യബന്ധനം. തീരദേശത്തെ നാട്ടിന്‍പുറങ്ങളില്‍ തെങ്ങിന്‍കുലച്ചില്‍ തേടിയുള്ള തമിഴ് സംഘങ്ങളും സജീവമാണിപ്പോള്‍. പറമ്പില്‍ ശല്യമായിക്കിടക്കുന്ന തെങ്ങിന്കുലച്ചിലിനും വിലകിട്ടുന്നുണ്ടെന്നത് മറ്റൊരു കാര്യം.
തെങ്ങിന്കുലച്ചിലില് മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ പ്രത്യേക രാസപദാര്‍ഥം പുരട്ടിയാണ് ആഴക്കടലില്‍ നിക്ഷേപിക്കുക. താഴ്ന്നു നില്ക്കാന് ഇവയില്‍ മണല്‍ നിറച്ച ചാക്ക് കെട്ടിത്തൂക്കും. ഇരുമ്പുകമ്പികളും പ്ലാസ്റ്റിക് കുപ്പികളും വരിഞ്ഞ് കെട്ടും. നിക്ഷേപിക്കുന്ന സ്ഥലം ജി.പി.എസില്‍ രേഖപ്പെടുത്തും. രണ്ടാഴ്ചക്ക് ശേഷമാണ് മീന്‍പിടിക്കുക. കൂന്തലാണ് പ്രധാനമായും ലക്ഷ്യം. ഇത്തരത്തില്‍ കൃത്രിമ പാര് ഉണ്ടാക്കിയുള്ള മീന്‍പിടിത്തം കടലില്‍ മലിനീകരണവും സൃഷ്ടിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഴക്കടലില്‍ കുലച്ചില്‍ മീന്‍പിടിത്തം കൂടിയതോടെ ബോട്ടുകാരുടെ വലകള്‍ കീറിമുറിഞ്ഞ് നശിക്കുന്നതും കൂട്ടമായി മത്സ്യസമ്പത്തിനെ ഊറ്റിയെടുത്ത് കൊണ്ടുപോകുന്നതിനുമെതിരെ ശക്തമായ സമരത്തിലേക്ക് ഇറങ്ങുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പൊന്നാനിയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കുലച്ചിലും പ്ലാസ്റ്റിക് കുപ്പികളുമായി കുളച്ചൽ സ്വദേശികളെ പിടികൂടിയിരുന്നു. പൊന്നാനി മുതല്‍ കണ്ണൂര്‍ വരെയുള്ള കടലിലാണിപ്പോള് കുളച്ചലുകാരുടെ കുലച്ചില്‍ വിളയാട്ടം. മത്സ്യബന്ധനം കഴിഞ്ഞാല്‍ കുലച്ചിലും ചാക്കുകളും കുപ്പികളും കമ്പികളുമെല്ലാം കടലിലിട്ട് പോവുകയാണ്. ഇത് നിയമാനുസൃതം മത്സ്യബന്ധനം നടത്തുന്നവരുടെ വലകളെല്ലാം കീറിയെറിയുകയാണ്. കുലച്ചിലില്‍ പുരട്ടുന്ന പ്രത്യേക രാസവസ്തു പിടിച്ച് വില്‍ക്കുന്ന മത്സ്യങ്ങളിലും കടലിലും നിറയുന്നു. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും രോഗാവസ്ഥയും എല്ലാം സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ആവശ്യം.
വള്ളങ്ങൾ പിടികൂടി
തിരൂർ: കൃത്രിമ പാര് നിർമിച്ച് അനധികൃത മത്സ്യബന്ധനം നടത്താൻ ശ്രമിച്ച വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പുറത്തൂർ പള്ളിക്കടവിൽ നിന്നാണ് രണ്ട് വള്ളങ്ങളും അതിലുണ്ടായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെയും പിടികൂടിയത്. മത്സ്യത്തൊഴിലാളികളുടെ പരാതിയിലാണ് പരിശോധന നടത്തിയത്. തെങ്ങിൻ കുലച്ചിലുകൾ കയർ ഉപയോഗിച്ച് കെട്ടികയറ്റി തീരത്ത് നിന്നുള്ള മണ്ണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് വള്ളങ്ങളിൽ കയറ്റി മത്സ്യബന്ധനത്തിന് ഒരുങ്ങെവയാണ് ഇവർ പിടിയിലായത്.
പരിശോധനക്ക് പൊന്നാനി ഫിഷറീസ് അസി. ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിൽ എ.എഫ്.ഇ.ഒ അരുൺ സൂരി, സിവിൽ പൊലീസ് ഓഫിസർ റിൻഷാദ്, റെസ്ക്യൂ ഗാർഡുമാരായ അസ്ഹർ, ഉനൈസ്, ആശിർ, ഹസൻ, ഹുസൈൻ, അൻസർ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.