മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് ജില്ല പഞ്ചായത്ത് നടപ്പാക്കിയ വിജയഭേരി പദ്ധതിയുടെ അഞ്ചാംഘട്ടം ഉദ്യോഗാർഥികള്‍ക്കു കൂടി മുന്‍ഗണന നല്കി വിപുലമായ രീതിയില്‍ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖയും വൈസ് പ്രസിഡൻറ് ഇസ്മായില്‍ മൂത്തേടവും പറഞ്ഞു.
ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ഡ്രീംസ്' പരിപാടിയിൽ ഇരുവരും വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ജില്ലയാണ് മലപ്പുറം. എന്നാല്‍ തൊഴില്‍ ലഭ്യതയുടെ കാര്യത്തില്‍ പിന്നാക്കാവസ്ഥയുണ്ട്. ഈ സാഹചര്യം മറികടക്കാന്‍ ഉദ്യോഗാർഥികൾക്ക് വിദഗ്ധ പരിശീലനത്തിന് അവസരമൊരുക്കും. മത്സര പരീക്ഷകളും തൊഴില്‍ മേഖലയില്‍ നൈപുണ്യ പരിശീലനവും നടത്തും.
കാര്‍ഷിക വിദഗ്ധരെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കും. കാര്‍ഷിക രംഗത്ത് 'മലപ്പുറം മോഡല്‍' സ്ഥാപിക്കലാണ് ലക്ഷ്യം. ഐ.ടി രംഗത്ത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. എല്ലാ വിദ്യാലയങ്ങളിലും സമ്പൂര്‍ണ ശുചിത്വം ഉറപ്പു വരുത്തും. ഗ്രാമീണ റോഡുകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും.
ആരോഗ്യ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ അനിവാര്യമായ ജില്ലയാണ് മലപ്പുറം. ഇത് പരിഹരിക്കാന്‍ മൂന്ന് ജില്ല ആശുപത്രികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. അർബുദമുൾപ്പെടെ രോഗനിര്‍ണയം ജില്ലയുടെ ആരോഗ്യമേഖലക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതു മറികടക്കാന്‍ രോഗ നിര്‍ണയത്തിന് പ്രദേശിക തലത്തില്‍ സൗകര്യമൊരുക്കും. സി.എച്ച്.സികള്‍ കേന്ദ്രീകരിച്ച് ഡയഗ്നോസിസ് സെൻററുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കും.
അവശതയനുഭവിക്കുന്ന ആയിരക്കണക്കിന് വൃക്കരോഗികള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാറിെൻറ അനാസ്ഥ മൂലം ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. മലപ്പുറത്തിെൻറ കാരുണ്യ മനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കിയിരുന്ന പദ്ധതി വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും.
പദ്ധതി നിലച്ചതോടെ തുടര്‍ ചികിത്സ ലഭിക്കാതെ പത്തോളം പേരാണ് മരിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനം തുടരാനും കൂടുതല്‍ വിപുലമായ രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിനെ സമീപിക്കും.
ലോക്ഡൗൺ പോലെ അടിയന്തര സാഹചര്യങ്ങളെ മറികടക്കാന്‍ മലപ്പുറത്തെ സ്വയംപര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളെയോ ജില്ലകളെയോ ആശ്രയിക്കാതെ തന്നെ ഭക്ഷ്യവിഭവങ്ങളും മറ്റും ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും.
കുടുംബശ്രീ ഉല്പന്നങ്ങളും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ വഴി ലഭ്യമാകുന്ന മൂല്യവർധിത ഉല്പന്നങ്ങളും യഥാർഥ ഉല്പാദകര്ക്ക് ഗുണം ലഭിക്കുന്ന വിധം വിപണയിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. ഇതിനായി വ്യാപാരികളുമായി ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ ആദിവാസി ഗോത്ര വര്‍ഗക്കാരുടെ എണ്ണമെടുത്താല്‍ മലപ്പുറം നാലാം സ്ഥാനത്താണ്. ഇവരുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കും.
ജില്ല വിഭജനം സർക്കാർ തലത്തിൽ തീരുമാനിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ ജില്ല പഞ്ചായത്തിെൻറ നിലപാട് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും റഫീഖയും ഇസ്മായിലും കൂട്ടിച്ചേർത്തു. മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി, പ്രസ് ക്ലബ് പ്രസിഡൻറ് ഷംസുദ്ധീന് മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.