എടയൂർ: ഒടുങ്ങാട്ടുകുളത്തിലെ പായലുകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തം. കുളത്തിൽ പായലുകൾ ഒഴിവാക്കാൻ പായലുകൾ ഭക്ഷിക്കുന്ന ഗ്രാസ് കാർപ് മീനുകളും നീറ്റു കക്ക പ്രയോഗവും നടത്തിയിരുന്നു. ഒരേക്കറോളം വിസ്തൃതിയുള്ള ഒടുങ്ങാട്ടുകുളം എടയൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ്. ഈ കുളത്തിൽ നീന്താനായി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ ഉൾപ്പെടെ ഒട്ടനവധി പേർ വരാറുണ്ടായിരുന്നു. കുളത്തിൽ പായലുകൾ വ്യാപിച്ചതോടെ എത്തുന്നവർ കുറഞ്ഞു. രണ്ടുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പായലുകൾ നീക്കി കുളം നവീകരിച്ചിരുന്നു.
കാലവർഷം ആരംഭിച്ചതോടെ പായലുകൾ വീണ്ടും വളർന്നു. കഴിഞ്ഞ മേയ് മാസത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും അഞ്ചുദിവസം നീണ്ടുനിന്ന ശ്രമദാനത്തിലൂടെ പായലുകൾ നീക്കി മണ്ണുമാന്തി ഉപയോഗിച്ച് ചളി മാറ്റുകയും ചെയ്തു. കുളത്തിൽ വളർന്ന പായലുകളെ കുറിച്ച് പഠിക്കാനെത്തിയ മണ്ണുത്തിയിൽ നിന്നുള്ള കേന്ദ്ര കള നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി വൃത്തിയാക്കിയ കുളത്തിൽ 500 കിലോഗ്രാം നീറ്റു കക്ക വിതറിയത്. കുളത്തിൽ വെള്ളം നിറയുന്ന മുറക്ക് പായലുകൾ വീണ്ടും വളരാൻ ആരംഭിച്ചപ്പോൾ ഒടുങ്ങാട്ടുകുളം ജനകീയ ശുചീകരണ കൂട്ടായ്മ പ്രവർത്തകർ പായൽ ഭക്ഷ്യയോഗ്യമാക്കുന്ന സസ്യഭുക്ക് ഇനത്തിൽപ്പെട്ട 200 ഗ്രാസ് കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.
പായൽ വളർന്ന് കുളം മുഴുവൻ വ്യാപിച്ചതിനെ തുടർന്ന് കുളത്തിൽ മാലിന്യം വലിച്ചെറിയാനും തുടങ്ങി. കുളത്തിൽ നിക്ഷേപിച്ച ഗ്രാസ് കാർപ് മത്സ്യങ്ങൾ വളർന്നതോടെ പല ഭാഗങ്ങളിലായി പായലുകൾ ഒഴിവായി വരുന്നുണ്ട്. കുളത്തിന് സമീപം സ്ഥാപിച്ച ഓപൺ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യാനെത്തുന്നവർ രാവിലെ കുളത്തിലെ മുകൾ ഭാഗത്ത് പൊങ്ങിക്കിടക്കുന്ന പായലുകൾ നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വലിയ വലകൾ ഉപയോഗിച്ച് ഒട്ടനവധി പ്രവർത്തകരുടെ ശ്രമമുണ്ടെങ്കിലെ പായലുകൾ മുഴുവനായും നീക്കാനാവൂ. ഇതിനാവശ്യമായ ശ്രമങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പായലുകൾ ഒഴിവാക്കിയാൽ മാത്രമേ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന നീന്തൽ പരിശീലനം ഒടുങ്ങാട്ടുകുളത്തിൽ നടത്താൻ സാധിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.