അങ്ങാടിപ്പുറം: വളാഞ്ചേരി റോഡ് പുനരുദ്ധാരണത്തിന് ആറുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. റോഡിന്റെ പുനർനിർമാണം ബിറ്റുമിനസ് മെക്കാഡവും ബിറ്റുമിനസ് കോൺക്രീറ്റും (ബി.എം ആൻഡ് ബി.സി) ഉപയോഗിച്ചാണ് നടത്തുന്നത്. മൂന്നുവർഷത്തെ ഗ്യാരന്റി വ്യവസ്ഥയോടെയാണ് പ്രവൃത്തി. അതിലൂടെ കരാറുകാരന് പരിപാലനത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഗ്യാരന്റി കാലയളവിനുള്ളിൽ വന്നേക്കാവുന്ന അറ്റകുറ്റപ്പണിയും നടത്തണം. അങ്ങാടിപ്പുറം ജങ്ഷൻ മുതൽ പുത്തനങ്ങാടി വരെയുള്ള റോഡ് അഞ്ചുകോടി ചെലവഴിച്ച് നേരത്തേ പുനർനിർമിച്ചിരുന്നു. പുത്തനങ്ങാടി മുതലുള്ള റോഡ് പുനരുദ്ധാരണത്തിനാണ് ഇപ്പോൾ ആറുകോടി.
ഒക്ടോബർ മാസത്തോടുകൂടി ബാക്കി സംഖ്യയും അനുവദിച്ച് അങ്ങാടിപ്പുറം മുതൽ വളാഞ്ചേരി വരെയുള്ള റോഡ് പൂർണമായും പുനർനിർമിക്കുമെന്നാണ് പ്രതീക്ഷ.
അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിന് 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടും ഫണ്ട് സംബന്ധിച്ചു വിവരം തേടുമ്പോൾ മരാമത്ത് മന്ത്രി ഒഴിഞ്ഞുമാറുന്നതായി മഞ്ഞളാംകുഴി അലി എം.എൽ.എ രണ്ടുദിവസം മുമ്പ് കുറ്റപ്പെടുത്തിയിരുന്നു.
മന്ത്രിയുടെയും സർക്കാറിന്റെയും നിലപാടിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതാണ്. തകർച്ച പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം മങ്കട ഏരിയ കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ടനുവദിച്ചതെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.