മലപ്പുറം: എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ ടീമിന് രാജ്യാന്തര ഫുട്ബാളിൽ വരെ മേൽവിലാസമുണ്ടാക്കിയ സ്പോർട്സ് കൗൺസിൽ പരിശീലകൻ ബിനോയ് സി. ജെയിംസ് സർവിസിൽനിന്ന് വിരമിക്കുന്നു. വിദ്യാർഥിയായിരിക്കെ സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂൾ ടൂർണമെൻറിൽ പന്ത് തട്ടി പിൽക്കാലത്ത് എം.എസ്.പി കുട്ടികളെ രണ്ടുതവണ ഇതിൽ റണ്ണറപ്പാക്കിയ ചരിത്രം പറയാനുണ്ട് ഇദ്ദേഹത്തിെൻറ കരിയറിന്. സമീപകാലത്ത് ഇന്ത്യൻ ദേശീയ ടീമിലെത്തിയ ആഷിഖ് കുരുണിയൻ, മഷൂർ ശരീഫ് തുടങ്ങിയ പ്രഗല്ഭരെ വാർത്തെടുത്തതിന് പിന്നിലും ബിനോയിയുടെ ചിട്ടയായ പരിശീലന മികവുണ്ട്.
1980കളുടെ തുടക്കത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിൽ പഠിക്കുമ്പോഴാണ് ബിനോയ് സുബ്രതോ കപ്പിൽ കളിച്ചത്. 1993ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ചായി. ജി.വി. രാജയിൽതന്നെയായിരുന്നു പരിശീലകനെന്ന നിലയിലും തുടക്കം. തുടർന്ന് സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ, കാസർകോട് സ്പോർട്സ് ഹോസ്റ്റൽ, കോഴിക്കോട് സെൻറ് മേരീസ് എച്ച്.എസ്.എസ് സ്പോർട്സ് ഹോസ്റ്റൽ എന്നിവിടങ്ങളിലും സേവനം.
2002 മുതൽ മലപ്പുറം എം.എസ്.പി സ്പോർട്സ് ഹോസ്റ്റലിെൻറ ചുമതലയിലുണ്ട്. സുബ്രതോ കപ്പിൽ രണ്ടുതവണ റണ്ണറപ്പായതും റിലയൻസ് കപ്പിലടക്കം നിരവധി ടൂർണമെൻറുകളിൽ ജേതാക്കളായതും ഇക്കാലത്താണ്.
ഐ ലീഗ്- ഐ.എസ്.എൽ- സന്തോഷ് ട്രോഫി താരങ്ങളായ അർജുൻ ജയരാജ്, ഇർഷാദ് തൈവളപ്പിൽ, കെ.പി. രാഹുൽ, ജിഷ്ണു ബാലകൃഷ്ണൻ തുടങ്ങിയവർ എം.എസ്.പിയിൽ ബിനോയിക്ക് കീഴിൽ പരിശീലിച്ചു. ഇവിടത്തെ പല താരങ്ങൾക്കും വിദേശപരിശീലനത്തിനും അവസരമുണ്ടായി. ഒരു വർഷത്തിലധികമായി സ്പോർട്സ് ഹോസ്റ്റൽ അടച്ചിട്ടിരിക്കുകയാണ്. മേയ് 31നാണ് ബിനോയിയുടെ പടിയിറക്കം. കോഴിക്കോട് കോടഞ്ചേരിയിലെ പരേതനായ ചെത്തിപ്പുഴ ജെയിംസിെൻറയും പേരിയുടെയും മകനാണ്. ഭാര്യ: പൂക്കിപ്പറമ്പ് എം.എ.എം യു.പി സ്കൂൾ അധ്യാപിക ബീന സക്കറിയ. മലപ്പുറം ചെറാട്ടുകുഴിയിലാണ് ഇപ്പോൾ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.