മലപ്പുറം: അപകടങ്ങളെയും ദുരന്തങ്ങളെയും പ്രതിരോധിക്കാനും പൊതുജനങ്ങളെ ബോധവാന്മാരാക്കാനും കുഞ്ഞു വിഡിയോകളിലൂടെ സന്ദേശവുമായി മലപ്പുറം അഗ്നിരക്ഷാസേന. അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഏറെ പ്രയോജനമാകുന്നതാണ് വിഡിയോകൾ.
അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ, ഒഴിവാക്കാനുള്ള മാർഗങ്ങൾ, രക്ഷപ്രവർത്തന രീതി തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ വ്യത്യസ്ത ബോധവത്കരണമാണ് സേന നടത്തുന്നത്.
വാട്സ് ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ദൈർഘ്യം കുറഞ്ഞ വിഡിയോകൾ നൽകുന്ന രീതിയിലാണ് ബോധവത്കരണ മുന്നറിപ്പുകളും നിർദേശങ്ങളും പുറത്തിറക്കുന്നത്. മലപ്പുറം അഗ്നിരക്ഷസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി. നിസാമുദ്ദീനാണ് ഈ ആശയത്തിനുപിന്നിൽ. വിഡിയോ നിർമിക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഇദ്ദേഹമാണ്.
മലപ്പുറം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്‍റെ മാർഗനിർദേശങ്ങളും നിലയത്തിലെ മറ്റു ജീവനക്കാരുടെയും സഹകരണവും സ്വീകരിച്ചാണ് നിസാമുദ്ദീൻ ബോധവത്കരണ വിഡിയോകൾ പ്രചരിപ്പിക്കുന്നത്. നിലവിൽ 22 എപ്പിസോഡുകളിലായി നിത്യജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന വിവിധ ഘട്ടങ്ങളുടെ വിഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിട്ടുണ്ട്.
പാമ്പുകടിച്ചാൽ എന്തുചെയ്യും... ഷോക്കടിച്ചാലോ ?
തീപിടിത്തം തടയാനുള്ള മാർഗങ്ങൾ, ഗ്യാസ് ലീക്കായാൽ ശ്രദ്ധിക്കേണ്ടത്, പാമ്പു കടിയേറ്റാൽ എന്തു ചെയ്യണം, ഷോക്കടിച്ചാൽ ഉടൻ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ, ഫയർ എസ്റ്റിങ്യൂഷർ ഉപയോഗിക്കേണ്ട രീതി, വസ്ത്രത്തിൽ തീപ്പിടിച്ചാൽ എന്തുചെയ്യണം, വാഹനയാത്ര സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ, കിണർ അപകടങ്ങൾ ഒളിവാക്കാനുള്ള മാർഗങ്ങൾ, ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന രീതി, തേനിച്ചയുടെയോ കടന്നലിന്‍റെയോ കുത്തേറ്റാൽ ശ്രദ്ധിക്കേണ്ടത്, ആഘോഷ വേളകളിലെ മുൻകരുതലുകൾ, ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടത്, ജലാശയ അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ തുടങ്ങി വിവിധ ബോധവത്കരണ വിഡിയോകളാണ് അഗ്നിരക്ഷ സേനയുടെ കീഴിൽ ഇതിനകം പുറത്തിറക്കിയത്.
ഓരോ ആഴ്ചകളിലും ഒരുവിഡിയോ എന്ന നിലക്കാണ് ബോധവത്കരണ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട ജീവനക്കാർ സ്റ്റാറ്റസാക്കുന്നതിനുപുറമെ പൊതുജനങ്ങളിലേക്ക് വ്യാപകമായി വിഡിയോകൾ എത്തിക്കുയാണ് അഗ്നിരക്ഷസേനയുടെ ലക്ഷ്യം. ഇതിനകം നിരവധി ഗ്രൂപ്പുകളിലും വലിയൊരു വിഭാഗത്തിനും വിഡിയോ സന്ദേശങ്ങൾ എത്തിക്കാനായിട്ടുണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിസാമുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.