മലപ്പുറം: ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂണിൽ കാവനൂർ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. ക
ഴിഞ്ഞ മേയ് മുതൽ ഇന്നുവരെ ജില്ലയിൽ 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്.
ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ ഫീൽഡ്തല പരിശോധനയിൽ ജില്ലയിൽ കൊതുക് പെറ്റുപെരുകാൻ സാധ്യത കൂടുതലുള്ളത് അഞ്ച് നഗരസഭ പ്രദേശങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. കൂടാതെ വിവിധ നഗരസഭകളിലായി 41 വാർഡുകളിലെ വീടുകളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്ന സാഹചര്യം കണ്ടെത്തിയതായും ഇവിടെ കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ ഫീൽഡ്തല പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾ ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതും കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യണം. കൊതുകുജന്യ രോഗങ്ങൾ തടയാൻ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസ് സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.