തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ ചര്‍ച്ചകള്‍ക്ക് ചൂടേകിയത് വിദ്യാര്‍ഥി പ്രതിനിധികള്‍. നാല് വര്‍ഷ ബിരുദം, കോളജുകളിലെ സീറ്റ് ഒഴിവ്, ഓഡിറ്റ് റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ സഭയെ ചടുലമാക്കിയത് വിദ്യാര്‍ഥി പ്രതിനിധികളാണ്. എം.എസ്.എഫ് സംസ്ഥാന നേതാക്കളായ കെ.പി. അമീന് റാഷിദ്, റഹീസ് ആലുങ്ങല്‍, റുമൈസ റഫീഖ് തുടങ്ങിയവരും എസ്.എഫ്.ഐ പ്രതിനിധികളായ സി.എച്ച്. അമല്‍, ടി. സ്നേഹ, എം.എം. സിയാന തുടങ്ങിയവരുമാണ് ചര്‍ച്ചകളെ സജീവമാക്കിയത്. വിസിയെയും സിന്‍ഡിക്കേറ്റിനെയും പ്രതിരോധത്തിലാക്കാന്‍ എം.എസ്.എഫിനെ പോരാളികളാക്കി നീക്കിയ കരുക്കള്ക്കെതിരെ എസ്.എഫ്.ഐക്കൊപ്പം ഭരണപക്ഷ പ്രതിനിധികളും പ്രതിരോധം തീര്‍ത്തതോടെയാണ് സഭ പ്രക്ഷുബ്ദമായത്. പല വിഷയങ്ങളിലും അരമണിക്കൂറിലധികം ചര്‍ച്ച നീണ്ടതും ഇരുപക്ഷത്തുമുള്ള വാദപ്രതിവാദങ്ങളാണ് കാരണമായത്. സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധികളുടെ അപക്വമായ പ്രതികരണങ്ങളെ പരസ്യമായി സഭയില്‍ പരാമര്‍ശിച്ച വിസി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും പ്രതികരിക്കുകയും ചെയ്ത മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. ആബിദാ ഫാറൂഖിയോട് സഭയില്‍നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് ഒരുഘട്ടത്തില്‍ തുറന്ന് പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗമായ വി.കെ.എം ഷാഫി, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് എന്നിവരായിരുന്നു സെനറ്റില്‍ പ്രതിപക്ഷത്തെ നയിച്ചത്.
കോണ്‍ഗ്രസ് പ്രതിനിധിയായി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സെനറ്റംഗം അഡ്വ. എന്‍ രാജന് ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ കിട്ടിയ അവസരങ്ങളില്‍ മിതത്വം പാലിക്കുകയും കാലാവധി പൂര്‍ത്തീകരിക്കാന്‍ പോകുന്ന വിസിക്ക് യാത്രയയപ്പ് നല്കാന് ഭരണപക്ഷത്തോട് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് സെനറ്റംഗം ഡോ. മധു പൊതുവെ ശക്തമായി സെനറ്റില്‍ നിലപാട് വ്യക്തമാക്കാറുണ്ടെങ്കിലും ഇത്തവണ മൗനം പാലിച്ചു. മാത്രമല്ല എം.എസ്.എഫ് പ്രതിനിധികളുടെ പ്രതികരണങ്ങളെ പരോക്ഷമായി തള്ളിപ്പറയുകയും ചെയ്തു. ഇതിനെല്ലാം കാരണം യു.ഡി.എഫിലെ പടലപിണക്കങ്ങളാണെന്നാണ് ഇടതുപക്ഷ സംഘടന അംഗങ്ങളുടെ പ്രതികരണം. ജൂണ്‍ 13നാണ് വിദ്യാർഥി പ്രതിനിധികളുടെ സെനറ്റ അംഗത്വം അവസാനിക്കുന്നത്. ഇതുകൂടിയാണ് പ്രതികരണങ്ങള്‍ക്ക് മൂര്‍ച്ച കൂടാന്‍ കാരണം. മുന്‍കൂട്ടി നല്കിയ 77 പ്രമേയങ്ങളാണ് സെനറ്റ് പരിഗണിച്ചത്. ഇതില്‍ 17 പ്രമേയങ്ങളിലാണ് ചര്‍ച്ചയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.