തേഞ്ഞിപ്പലം: നിയമ ലംഘനങ്ങൾ ഇനി തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലിരുന്ന് കാണാം. പൊലീസ് സ്റ്റേഷനിൽ ഇരുന്ന് അതിർത്തിയിലെ നിയമലംഘനങ്ങൾ വീക്ഷിക്കാനും നടപടികൾ എടുക്കാനും പൊലീസിനെ സഹായിക്കാൻ നിരവധി കാമറകളാണ് അതിർത്തികളിൽ സ്ഥാപിച്ചത്.
അപകടം വരുത്തി നിർത്താതെ പോവുന്ന വാഹനങ്ങളും കൈ കാണിച്ചു നിർത്താതെ പോവുന്ന വാഹനങ്ങളും ഉൾപ്പെടെ പരിശോധിക്കാനും ഇതുവഴി സാധിക്കും. സംശയാസ്പദമായ രീതിയിൽ പോവുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ കാണാം.
കോഴിക്കോട്, തൃശൂർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന ഇടിമുഴിക്കൽ, കോട്ടക്കടവ്, ചങ്ങരക്കുളം, നീലിയാട്, കരിങ്കല്ലത്താണി, വഴിക്കടവ്, വൈദ്യരങ്ങാടി, തൂത, ഉച്ചാരക്കടവ് തുടങ്ങി വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിലിന്റെ മുറിയിൽ സ്ഥാപിച്ച മോണിറ്ററിൽ കാണാം.
ഇടിമുഴിക്കൽ അതിർത്തിയിൽ സ്ഥാപിച്ച കാമറയിൽ ആയിരിക്കും ഇനി മുതൽ തേഞ്ഞിപ്പലം പൊലീസിന്റെ കണ്ണുകൾ. നിയമലംഘനങ്ങൾ നടത്തുന്നവരെ ഇനി തെളിവ് സഹിതം പിടികൂടാൻ കഴിയുമെന്ന് തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.