മലപ്പുറം: കൊണ്ടോട്ടി നഗരത്തിൽ യുവാക്കളെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മർദനത്തിനിരയായ പുളിക്കൽ വലിയപറമ്പ് സ്വദേശികളായ മിഥുൻ, സിനുലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആക്രമണത്തിന്‍റെ തീവ്രത സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തങ്ങൾ തൃപ്തരല്ലെന്നും ഇവർ വ്യക്തമാക്കുന്നു. അക്രമിച്ച ആസിഫുമായി യാതാരുവിധ പ്രശ്നങ്ങളും ഇല്ലാത്ത സിനുലാലിന്‍റെ സുഹൃത്തായ തനിക്കാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റതെന്ന് മിഥുൻ പറയുന്നു. സിനുലാൽ ജോലി ചെയ്യുന്ന കൊണ്ടോട്ടിയിലെ കടയുടെ മുന്നിൽവെച്ചാണ് ഒക്ടോബർ 19ന് രാത്രി മറ്റൊരാളോടൊപ്പം ബൈക്കിലെത്തി ആസിഫ് തങ്ങളെ മർദിച്ചത്.
താനുമായി നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് ആസിഫിനെ മർദിക്കുന്നതിലേക്ക് നയിച്ചതെന്ന് സിനുലാൽ പറയുന്നു. മർദിച്ച വ്യക്തിയുമായി മുമ്പ് വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞപ്പോൾ താൻ തിരിച്ചും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇങ്ങനെ ക്രൂരമായി മർദനം പ്രതീക്ഷിക്കാത്തതാണെന്നും സിനുലാൽ പറഞ്ഞു. സിനുലാലിന്‍റെ കൂടെ കടയുടെ മുമ്പിൽ ബൈക്കിൽ ഇരിക്കുന്ന സമയത്താണ് ഹോക്കി സ്റ്റിക്കുമായി ആസിഫിന്‍റെ അപ്രതീക്ഷിത മർദനമെന്ന് മിഥുൻ വ്യക്തമാക്കുന്നു.
തലക്കും കണ്ണിനും പരിക്കേറ്റ താൻ ഒരാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെന്നും മിഥുൻ പറയുന്നു. പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസ് മനപൂർവം ശ്രമിക്കുകയാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഇരുവരും ആരോപിച്ചു. മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും യുവാക്കൾ വാർത്തസമ്മേളനത്തിൽ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കൊണ്ടോട്ടി പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.