മലപ്പുറം: പൈപ്പ്ലൈനിനായി കുഴിച്ച കുഴികൾ വേണ്ടത്ര സുരക്ഷയില്ലാതെ മണ്ണിട്ടു മൂടുന്നത് അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം മൈലപ്പുറത്ത് നൂറാടി പാലത്തിന് സമീപം ഗെയിൽ വാതക പൈപ്പ്ലൈനിനായി കുഴിച്ച ഭാഗത്ത് ലോഡുമായെത്തിയ ടിപ്പർ ലോറി താഴ്ന്ന് അപകടത്തിൽപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പുറമേ റോഡ് ഉറപ്പുള്ളതാണെന്ന തോന്നലുള്ള ഭാഗത്താണ് ലോറി താഴേക്ക് താഴ്ന്നത്. റോഡിന്റെ വശത്ത് വാഹനം നിർത്തി ഡ്രൈവർ പുറത്ത്പോയ സമയത്താണ് റോഡിന്റെ ഒരു വശം ഒരു മീറ്ററിലധികം ഇടിഞ്ഞ് താഴ്ന്നത്. എം. സാന്റ് കയറ്റിയ ലോറിയുടെ ഇടതു വശത്തെ ടയറുകൾ താഴ്ന്നതോടെ മുൻഭാഗം ഉയർന്ന നിലയിലായി.
രണ്ടര മണിക്കൂറിന് ശേഷം മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ചാണ് ലോറി കുഴിയിൽ നിന്ന് പുറത്തെടുത്തത്. നിറയെ വാഹനങ്ങൾ പോകുന്ന മലപ്പുറം-കോട്ടക്കൽ റോഡിലാണ് ഈ അപകടം നടന്നത്.
ചൊവ്വാഴ്ച രാവിലെ അപകടം നടന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണിട്ട് മൂടിയിട്ടുണ്ട്. എന്നാൽ താൽകാലികമായി മണ്ണിട്ടു മൂടിയതുകൊണ്ട് അപകട സാധ്യത ഇല്ലാതാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പൈപ്പ്ലൈനിനായി കുഴിച്ച ഭാഗങ്ങളിൽ മണ്ണിടിയാത്ത രൂപത്തിൽ നിർമാണ പ്രവൃത്തികൾ ചെയ്യണമെന്നാണ് ആവശ്യം. സമാന രീതിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി ഭാഗത്ത് പെപ്പ്ലൈനിനായി റോഡ് പൊളിച്ച് മണ്ണിട്ട ഭാഗത്ത് സ്കൂൾ ബസ് ചെരിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.
അരീക്കോട് ഭാഗത്ത് സമാനരീതിയിൽ ലോറിയും ചളിയിൽ താഴ്ന്ന് കുടുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.