മലപ്പുറം: കോവിഡ് ആരംഭകാലത്ത് ആടിനും പശുവിനും കുരങ്ങിനും പക്ഷികൾക്കുമൊക്കെ വെള്ളവും തീറ്റയും കൊടുക്കാൻ നിർദേശിച്ചിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമേയില്ലാതായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഹാമാരിയെ നിയന്ത്രണവിധേയമാക്കിയെന്ന് പറഞ്ഞ് പി.ആർ വർക്ക് നടത്തി അവാർഡുകൾ വാരിക്കൂട്ടിയവർ കോവിഡ് മരണങ്ങൾ ഒളിപ്പിക്കുകയും പാർട്ടി സമ്മേളനകാലത്ത് ടെസ്റ്റുകൾ കുറക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തിയെങ്കിലും പിണറായി വിജയന് മറുപടിയില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വേദിയാക്കി ഐക്യജനാധിപത്യ മുന്നണിയെ മാറ്റുമെന്ന് യു.ഡി.എഫ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈനിനെ എതിർക്കുന്നവർ ദേശദ്രോഹികളാണെന്നാണ് പിണറായി പറയുന്നത്. ദേശീയതലത്തിൽ നരേന്ദ്ര മോദിയും വിമർശകരെ നേരിടുന്നത് ഇങ്ങനെയാണ്.
ലോകത്തെ എല്ലാ ഏകാധിപതികൾക്കും ഇതേ നിലപാടുതന്നെയാണെന്ന് സതീശൻ കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതി വേണ്ടെന്ന അഭിപ്രായമില്ലെന്നും അത് ആവശ്യമുള്ളതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ സമരപരിപാടികൾ വിശദീകരിച്ചു.
പി.ടി. അജയ്മോഹൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, എം.എൽ.എമാരായ എ.പി. അനിൽകുമാർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, യു.എ ലത്തീഫ്, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, പി.കെ. ബഷീർ, കുറുക്കോളി മൊയ്തീൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, അഷ്റഫ് കോക്കൂർ, വി.എസ്. ജോയ്, സുഹറ മമ്പാട്, ആലിപ്പറ്റ ജമീല, ഗ്രേസമ്മ മാത്യു, എം.കെ. റഫീഖ, ഫാത്തിമ റോഷ്ന, സറീന ഹസീബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.