മലപ്പുറം: അർബുദത്തെ പ്രതിരോധിക്കാന്‍ സമഗ്ര കര്‍മപദ്ധതി തയാറാക്കി ജില്ല അർബുദം പ്രതിരോധ സമിതി. അർബുദം പ്രതിരോധത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചത്. കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല അർബുദം പ്രതിരോധ സമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക കര്‍മപദ്ധതിയും തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേക ബോധവത്കരണം, ചികിത്സയെക്കുറിച്ചുള്ള അറിവ് പകരല്‍, അർബുദം കണ്ടെത്തുന്നതിന് പ്രത്യേക ക്യാമ്പ് എന്നിയെല്ലാം പദ്ധതിയുടെ ഭാഗമായി നടത്തും.
ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. അർബുദം ചികിത്സ സൗകര്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ ബ്ലോക്കുതലത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരെ ഉള്‍പ്പെടുത്തി വാര്‍ഡുതലത്തിലും പരിപാടികള്‍ നടത്തും. സ്കൂള്‍, കോളജ് കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ഡി.എം.ഒ ഡോ. ആര്. രേണുക, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ബി. സതീശന്, എൻ.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ആരോഗ്യകേരളം നോഡല്‍ ഓഫിസര്‍ ഡോ. ഫിറോസ്ഖാന് എന്നിവര്‍ പങ്കെടുത്തു.
അർബുദം പ്രതിരോധം ലക്ഷ്യമിട്ട് രൂപവത്കരിച്ചതാണ് ജില്ല അർബുദം പ്രതിരോധ സമിതി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായ സമിതിയുടെ ചെയര്മാന് ജില്ല കലക്ടറാണ്. ഡി.എം.ഒ കണ്‍വീനറും അർബുദം പ്രതിരോധ കേന്ദ്രത്തിന്റെ തലവന്‍ കോ കണ്‍വീനറുമാണ്. ജില്ല പ്രോഗ്രാം മാനേജര്‍, അർബുദം ചികിത്സ സൗകര്യമുള്ള സ്വകാര്യ ആശുപത്രി പ്രതിനിധി, സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധി, ലാബ് അസോസിയേഷന് പ്രതിനിധി, സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല മേധാവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, പാലിയേറ്റിവ് കെയര്‍ സംഘത്തിന്റെ പ്രതിനിധി, അർബുദം അതിജീവകര്‍ എന്നിവരാണ് സമിതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.