അരീക്കോട്: കക്കാടംപൊയിൽ കോനൂർകണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടം തുടർക്കഥയാക്കുന്നു. ശനിയാഴ്ച രാത്രി ഈ വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ച അപകടമാണ് ഒടുവിലത്തേത്. കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരുടെയും ബോധം നഷ്ടമായി. മലയോര മേഖല ആയതിനാൽ അപകടസമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട ഒരാൾക്ക് ഞായറാഴ്ച പുലർച്ചെ ബോധം വന്ന ശേഷം ഇദ്ദേഹം കൂനൂർകണ്ടി പള്ളിയിലെത്തി പറഞ്ഞപ്പോഴാണ് അപകട വിവരം പുറത്തറിഞ്ഞത്. ഉടൻ നാട്ടുകാർ ഓടിക്കൂടി സലാമിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. നാല് വർഷത്തിനിടയിൽ ഏകദേശം നൂറോളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. മുക്കം ഭാഗത്ത് നിന്ന് വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലേക്ക് പോകാനുള്ള പ്രധാന പാതയാണിത്. പ്രതിദിനം നിരവധി വാഹങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും ഒരുമിച്ചുള്ള എസ് വളവിൽ അപകടങ്ങൾ ഒളിഞ്ഞിരിക്കുകയാണ്.
വിഷയം നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിൽ അപകടം സൂചന ബോർഡുകൾ സ്ഥാപിക്കുന്ന കാര്യത്തിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് വാർഡംഗം ടെസി സണ്ണി പറഞ്ഞു. നേരത്തെ കോഴി വണ്ടി അപകടത്തിൽപ്പെട്ട് ഇവിടെ ഒരാൾ മരിച്ചിരുന്നു. അപകടസൂചന ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.