വള്ളിക്കുന്ന്: ദേശീയപാത ആറുവരിയാക്കലിൽ ജില്ലയിലെ പ്രവൃത്തിയിലെ ഭേദഗതികൾക്കായി 224 കോടി രൂപയുടെ അധിക പ്രൊപ്പോസൽ അംഗീകാരത്തിനായി കേന്ദ്രത്തിന് സമർപ്പിച്ചതായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച് എ.ഐ) കേരള ചുമതലയുള്ള റീജനൽ ഓഫിസർ ആർ.ആർ. മീണ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കൽ മുതൽ തലപ്പാറ വരെ ഭാഗങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും മറ്റും ദേശീയപാത വിഭാഗം കൊച്ചി യൂനിറ്റ് പ്രോജക്ട് ഡയറക്ടർക്കും സംസ്ഥാന ചുമതലയുള്ള റീജനൽ ഓഫിസർക്കും നേരത്തേ നൽകിയ പ്രൊപ്പോസലിൽ സ്വീകരിച്ച നടപടിയറിയാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ ബി.എൽ. മീണയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറക്ക് നേരത്തേ തയാറാക്കിയ ഡി.പി.ആറിലെ പ്രവൃത്തികൾ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.പി, എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയപാത സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ലെയ്സൺ ഓഫിസർ പി.പി.എം. അഷ്റഫ്, ദേശീയപാത സൈറ്റ് എൻജിനീയർ ഹരിമോഹൻ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ, ടാക്സി തൊഴിലാളി പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവർ കഴിഞ്ഞ സെപ്റ്റംബർ 29ന് യോഗം ചേരുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെയുള്ള വെളിമുക്ക്, പാലക്കൽ പടിഞ്ഞാറ് ഭാഗം, മേലെ ചേളാരി, കോഹിനൂർ മേൽപാലം, പാണമ്പ്ര, ചെട്ടിയാർമാട്, സ്പിന്നിങ് മിൽ എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കണമെന്നും ഇടിമൂഴിക്കൽ, താഴെ ചേളാരി, പടിക്കൽ എന്നിവിടങ്ങളിൽ മതിൽ കെട്ടി പാലം പണിയുന്നതിന് പകരം ആകാശപാതയാക്കണമെന്നും താഴെ ചേളാരി-പരപ്പനങ്ങാടി റോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനും ടാക്സി സ്റ്റാൻഡുകൾ, ബസ് വേ എന്നിവ നിർമിക്കുന്നതിനും അധിക സ്ഥലം ഏറ്റെടുക്കണമെന്നും ഡ്രൈനേജ് വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നതിന് ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നിലവിലെ പുരോഗതി വിലയിരുത്താനാണ് എം.എൽ.എ കൂടിക്കാഴ്ച നടത്തിയത്. ജില്ലയിലെ ദേശീയപാത പ്രവർത്തിയിലെ വിവിധ ആവശ്യങ്ങൾക്കായി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 177 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിയും മറ്റു പ്രവൃത്തികൾക്കായി 47 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിയുമാണ് അംഗീകാരത്തിനായി കേന്ദ്രത്തിന് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.