യു.ഡി.എഫ് കുത്തകയാക്കിയ പല മണ്ഡലങ്ങളും സ്വതന്ത്രരെയിറക്കി ചുവപ്പിച്ച ചരിത്രമുണ്ട് ഇടതുപക്ഷത്തിന്. വിമതരെ നിർത്തി നടത്തിയ പരീക്ഷണങ്ങൾ പലപ്പോഴും പാളിയപ്പോൾ ചിലപ്പോഴെല്ലാം അട്ടിമറി വിജയം നേടിയ അനുഭവങ്ങളുമുണ്ട്. മഞ്ചേരിയിൽ ടി.കെ. ഹംസയും കുറ്റിപ്പുറത്ത് ഡോ. കെ.ടി. ജലീലും നേടിയ മിന്നുംജയങ്ങൾ ഉദാഹരണം. 2004ൽ ലീഗിന്റെ പൊന്നാപുരം കോട്ടയായ മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ ലീഗ് നേതാവ് കെ.പി.എ. മജീദ്, ടി.കെ. ഹംസയോട് അടിയറവ് പറഞ്ഞത് 47,743 വോട്ടുകൾക്ക്. 1991ൽ ബേപ്പൂരിൽ കോ-ലീ-ബി സഖ്യത്തിന്റെ സ്ഥാനാർഥിയെന്ന് ആരോപിക്കപ്പെട്ട ഡോ. കെ. മാധവൻകുട്ടിയെ ഹംസ മലയർത്തിയടിച്ചതും ചരിത്രം.
1982ൽ നിലമ്പൂർ മണ്ഡലത്തിൽനിന്നാണ് മുൻ ഡി.സി.സി പ്രസിഡന്റ് ആയിരുന്ന ടി.കെ. ഹംസയുടെ ആദ്യജയം. ആര്യാടൻ മുഹമ്മദിനെ 1566 വോട്ടിനാണ് ഹംസ തോൽപിച്ചത്. 1987ൽ ബേപ്പൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.കെ. ഹംസ, നായനാർ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി. 1991ലും 1996ലും ബേപ്പൂരിൽ വിജയം ആവർത്തിച്ചു. 1996 മുതൽ 2001 വരെയുള്ള എൽ.ഡി.എഫ് ഭരണത്തിൽ ഗവ. ചീഫ് വിപ്പായി. 2001ൽ പൊന്നാനിയിൽ ഹംസ, കോൺഗ്രസ് നേതാവ് എം.പി. ഗംഗാധരനോട് തോറ്റെങ്കിലും 2004ലെ മഞ്ചേരിയിലെ ജയം തിളക്കമുള്ളതായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ, പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണ് ഡോ. കെ.ടി. ജലീൽ ഇടതുപാളയത്തിലെത്തിയത്. 2006ൽ ലീഗിന്റെ ഉറച്ച മണ്ഡലമായ കുറ്റിപ്പുറത്ത്, കരുത്തനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചാണ് കെ.ടി. ജലീൽ ശ്രദ്ധേയനാകുന്നത്. 2011ൽ തവനൂർ മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായ ഡോ. ജലീൽ 2016ൽ വിജയം ആവർത്തിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി. 2021ൽ തവനൂരിൽ ജലീൽ ഹാട്രിക് വിജയം നേടി. തവനൂരിൽ മൂന്നു തവണയും ജലീലിനോട് തോറ്റത് കോൺഗ്രസ് സ്ഥാനാർഥികൾ.
2011ൽ ഏറനാട് മണ്ഡലത്തിൽ ലീഗ് നേതാവ് പി.കെ. ബഷീറിനെതിരെ സ്വതന്ത്രനായാണ് മുൻ യൂത്ത് കോൺഗ്രസ് നേതാവായ പി.വി. അൻവറിന്റെ അരങ്ങേറ്റം. 2016ൽ നിലമ്പൂരിൽ എൽ.ഡി.എഫ് സ്വതന്ത്രനായി കളത്തിലിറങ്ങിയ പി.വി. അൻവർ, കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് നിയമസഭാംഗമായത്.
2019ൽ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അൻവർ ഇടതു സ്ഥാനാർഥിയായെങ്കിലും ‘രാഹുൽ ഇഫക്ടി’ൽ വൻ തോൽവിയേറ്റുവാങ്ങി. 2021ൽ കോൺഗ്രസ് നേതാവ് വി.വി. പ്രകാശിനെതിരെ തോൽപ്പിച്ച് പി.വി. അൻവർ നിലമ്പൂർ രണ്ടാംതവണയും ഒപ്പം നിർത്തി.
2014ൽ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് ചുരുക്കാനായത് മുൻ കോൺഗ്രസ് നേതാവായ വി. അബ്ദുറഹ്മാന്റെ രാഷ്ട്രീയ കരിയറിൽ നിർണായകമായി.
2016ൽ താനൂരിൽ ഇടതു സ്വതന്ത്രനായി ഗോദയിലിറങ്ങിയ വി. അബ്ദുറഹിമാൻ ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെ 6000ൽപരം വോട്ടുകൾക്ക് തോൽപ്പിച്ചു. 2021ൽ താനൂരിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിമാൻ, രണ്ടാം പിണറായി മന്ത്രിസഭയിൽ കായിക, ന്യൂനപക്ഷ കാര്യ മന്ത്രിയായി.
അതേസമയം, ഇടതു സ്വതന്ത്രനായി കളത്തിലിറങ്ങി മങ്കട പിടിച്ചെടുക്കുകയും പിന്നീട് വലതോരം ചേരുകയും ചെയ്ത കഥയാണ് മഞ്ഞളാംകുഴി അലിയുടേത്. 2001ലും 2006ലുമാണ് മങ്കടയിൽ അലി ഇടതു സ്വതന്ത്രനായി വിജയിച്ചത്. പിന്നീട്, ലീഗ് പാളയത്തിലെത്തിയ അലി, 2011ലും 2016ലും പെരിന്തൽമണ്ണയിലും 2021ൽ മങ്കടയിലും യു.ഡി.എഫിന്റെ വിജയമുറിപ്പിച്ചു. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.