മലപ്പുറം: സംസ്ഥാന ഓഡിറ്റ് വിഭാഗം തയാറാക്കിയ 2019-20 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ ജില്ല പഞ്ചായത്ത് മുൻ ഭരണസമിതിക്കെതിരെ ഗുരുതര പരാമർശങ്ങൾ. നടപടിക്രമങ്ങൾ പാലിക്കാതെ നിർവഹണ ഏജൻസി മുഖേന പ്രോജക്ട് നിർവഹണം നടത്തിയതടക്കമുള്ള പരാമർശങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.
എൻജിനീയറിങ് വകുപ്പിന്റെ പൂർണമായ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നിർവഹിക്കേണ്ടത്. ഈ മാനദണ്ഡം പാലിക്കാതെയാണ് ജില്ല പഞ്ചായത്ത് ഓഫിസ് നവീകരണം നടത്തിയത്. സ്വന്തമായി എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിൽ വിപുലമായ സാങ്കേതിക വിഭാഗം ജില്ല പഞ്ചായത്തിനുണ്ട്. എന്നാൽ ഈ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കിയതും സാങ്കേതികാനുമതി നൽകിയതും ആർട്ട്കോ എന്ന സ്ഥാപനമാണ്. ഇത് പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പറയുന്നു.
ജില്ല പഞ്ചായത്തിന്റെ 7.14 കോടി രൂപയാണ് ജല അതോറിറ്റി, വൈദ്യുതി, ഭൂഗർഭ ജല വകുപ്പുകളിലായി ഡെപ്പോസിറ്റ് എന്ന പേരിൽ കുടുങ്ങി കിടക്കുന്നത്. ഫണ്ട് മറ്റ് വകുപ്പുകളിൽ അവശേഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
എയ്ഡഡ് സ്കൂളുകളിലെ ടോയ്ലറ്റ് നിർമാണത്തിലും അപാകതകളുള്ളതായി പരാമർശിക്കുന്നു. പഞ്ചായത്ത് രാജ് നിയമപ്രകാരം സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് മാത്രമാണ് ജില്ല പഞ്ചായത്ത് ചുമതലയിലുള്ളത്. നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയിൽ അല്ലാത്ത മേഖലയിൽ ഫണ്ട് ചെലവഴിക്കുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ, എയ്ഡഡ് സ്കൂളുകളിൽ ആസ്തി സൃഷ്ടിച്ച് നൽകിയതിന് സർക്കാറിൽനിന്ന് മുൻകൂർ അനുമതി നേടിയിട്ടില്ല. എയ്ഡഡ് സ്കൂളിൽ നിർമാണ പ്രവർത്തനം നടത്തണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രേഖാമൂലം അപേക്ഷ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഫാമുകളിൽ നിന്നും ലഭിക്കുന്ന വരുമാനം അടവാക്കുന്നതിൽ വ്യക്തമായ വിവരങ്ങൾ ജില്ല പഞ്ചായത്തിനെ അറിയിക്കുന്നില്ല. കിൻഫ്രയിൽ പാട്ടത്തിനെടുത്ത കെട്ടിടത്തിന്റെ വാടക പിരിക്കുന്നതിലും തുടർനടപടി കൈക്കൊള്ളുന്നതിലും വീഴ്ചയുണ്ടായി. എൻജിനീയറിങ് വിഭാഗത്തിന്റെ പദ്ധതി നിർവഹണം കാര്യക്ഷമമല്ല. ഇവർ നടപ്പിലാക്കിയ പ്രവൃത്തികളിൽ അധിക നിരക്ക് നൽകിയതായി കാണുന്നു.
നിയമപരമായ കാലാവധിക്കുള്ളിൽ കരാർ പൂർത്തിയാക്കാത്തതിന് പിഴ ഈടാക്കാത്തത് സംബന്ധിച്ചും ജില്ലയിലെ എസ്.സി കോളനികളിൽ സോളാർ എൽ.ഇ.ഡി മിനിമാസ്റ്റ് സ്ഥാപിക്കൽ പ്രോജക്ട്, തിരൂർ ജില്ല ആശുപത്രി, ചേതന ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ മരുന്നും ഉപകരണങ്ങളും പൂർണമായും ലഭിക്കാത്തത് സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.