മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ധാരണ. വ്യാഴാഴ്ച മെഡിക്കൽ കോളജ് - കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതർ തമ്മിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നു.
അടുത്ത മാസം 30ന് യന്ത്രം ആശുപത്രിയിൽ എത്തിക്കും. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) നേതൃത്വത്തിലാണ് അത്യാധുനിക സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നത്. യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി മെഡിക്കൽ കോളജിൽനിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം പരിഹരിച്ചു. ആശുപത്രിയിൽനിന്ന് വൈദ്യുതി നൽകാൻ തീരുമാനമായി. വൈദ്യുതി ലൈൻ വലിക്കാനുള്ള കേബിൾ ചെലവ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് വഹിക്കണം.
കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിന്ന് ആശുപത്രിക്ക് വരുമാനം ലഭിക്കാത്തതിനാൽ മെഡിക്കൽ കോളജിൽ നിന്ന് വൈദ്യുതി നൽകാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. വൈദ്യുതി നൽകിയാൽ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും പറഞ്ഞിരുന്നു.
ഭാവിയിൽ ആശുപത്രിയിൽ വൈദ്യുതി ക്ഷാമം നേരിടുമെന്നായിരുന്നു അധികൃതരുടെ വാദം. ഇതോടെ അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി ആരോഗ്യ മന്ത്രിയെ സമീപിച്ചു. ഇതേ തുടർന്ന് ഏപ്രിൽ 21ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളജ് - കെ.എച്ച്.ആർ.ഡബ്ല്യു.എസ് യോഗം വിളിച്ചിരുന്നു. ഇതിൽ മെഡിക്കൽ കോളജിൽനിന്ന് വൈദ്യുതി നൽകണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. ഭാവിയിൽ പ്രശ്നം നേരിടുമെന്ന കാരണത്താൽ ഇപ്പോൾ പ്രവർത്തിപ്പിക്കാനുളള സ്കാനിങ് യന്ത്രത്തിന് വൈദ്യുതി നൽകാതിരിക്കാൻ ആവില്ലെന്നതായിരുന്നു യോഗത്തിലെ വിലയിരുത്തൽ. കഴിഞ്ഞ 12 വർഷം ഒ.പി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റിയുടെ സ്കാനിങ് യൂനിറ്റിന് വൈദ്യുതി നൽകിയത് ആശുപത്രിയിൽ നിന്നായിരുന്നു.
യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, സൂപ്രണ്ട് ഡോ. ഷീന ലാൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി പി.കെ. സുധീർ ബാബു, മെഡിക്കൽ കോളജ് ഇലക്ട്രിക്കൽ, മരാമത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.