തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഐ.ടി.ഐ മുഖേന വാങ്ങിയ കമ്പ്യൂട്ടറുകള്‍ക്ക് ഗുണനിലവാരക്കുറവെന്ന് ജീവനക്കാര്‍. കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു. വാറണ്ടി കാലാവധി തീരാത്ത പുതിയ കമ്പ്യൂട്ടറുകള്‍ക്കാണ് തകരാര്‍. ഇത്തരം കമ്പ്യൂട്ടറുകള്‍ അപകട ഭീഷണിയാണെന്നാണ് പരാതി. ഒരു കമ്പ്യൂട്ടറിന് 60,000 രൂപയിലധികം നല്കി 616 കമ്പ്യൂട്ടറുകളാണ് സര്‍വകലാശാല വാങ്ങിയത്. മൂന്നു കോടിയിലധികം രൂപയാാണ് ചെലവഴിച്ചത്. എന്നാല്‍, കമ്പ്യൂട്ടറുകള്‍ മിക്കപ്പോഴും പണിമുടക്കുന്ന സ്ഥിതിയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസവും പരീക്ഷ ഭവനിലെ ഇ.സി.ക്യൂ സെക്ഷനിലെ കമ്പ്യൂട്ടറുകള്‍ ഇത്തരത്തില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചിരുന്നു. പാലക്കാട് ഐ.ടി.ഐയുടെ പേരില്‍ എറണാകുളത്തെ സ്വകാര്യസ്ഥാപനമാണ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തത് എന്നാണ് വിവരം. കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍, ടോള്‍ ഫ്രീ നമ്പര്‍, ഇ-മെയില്‍ എന്നീ സംവിധാനങ്ങളൊന്നും കമ്പനിക്കില്ലെന്നും ആക്ഷേപമുണ്ട്.
കമ്പ്യൂട്ടറുകള്‍ കേടായി കിടന്ന് വാറന്റി കാലാവധി തീരുന്നത് സര്‍വകലാശാലക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനിടയാക്കും. മാസങ്ങളായി പല ഐ.ടി.ഐ കമ്പ്യൂട്ടറുകളും പണിമുടക്കിയിരിക്കുകയാണ്. അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രതിവിധിയില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥര്‍. വാറണ്ടി കാലാവധിയില്‍ ആയതിനാല്‍ സര്‍വകലാശാലയിലെ ടെക്നീഷ്യന്മാര്ക്കും ഇവ റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
വിപണിയില്‍ ലഭ്യമായ മികച്ച ബ്രാന്‍ഡ് കമ്പ്യൂട്ടറുകളേക്കാള്‍ കൂടിയ വിലയിൽ കമ്പ്യൂട്ടറുകള്‍ സര്‍വകലാശാല വാങ്ങിയതിന് പിന്നില്‍ അഴിമതിയാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.