കീഴാറ്റൂർ: ജൽജീവൻ മിഷൻ പദ്ധതി പൈപ്പിടുന്നതിന്റെ ഭാഗമായി പഞ്ചായത്തിന് കീഴിലെ ഗ്രാമീണ റോഡുകൾ പൊളിച്ചത് ഉടൻ പ്രവൃത്തി പൂർത്തീകരിച്ച് പഴയ അവസ്ഥയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല ജല അതോറിറ്റി ഓഫിസിന് മുന്നിൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പദ്ധതിപ്രകാരം ഗ്രാമീണ റോഡുകളിൽ മുഴുവൻ പൈപ്പിടുന്നതിനും ഹൗസ് കണക്ഷൻ നൽകുന്നതിനും പൊളിച്ച റോഡുകളുടെ ഭാഗങ്ങൾ റീടാറിങ്ങിനും കോൺക്രീറ്റിങ്ങിനും ഫണ്ട് അനുവദിച്ചെങ്കിലും പ്രവൃത്തികൾ നടക്കുന്നില്ലെന്നും ഇത് പൂർത്തിയാക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ജല അതോറിറ്റി ഉദ്യോഗസ്ഥരെയും കോൺട്രാക്ടർമാരെയും ഭരണസമിതി സംയുക്തമായി മീറ്റിങ് വിളിച്ചെങ്കിലും റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ കോൺട്രാക്ടർമാരിൽനിന്ന് നടപടിയുണ്ടായില്ലെന്ന് പ്രസിഡൻറ് പറഞ്ഞു.
പ്രതിഷേധ സമരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജമീല ചാലിയതൊടി അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സംഗമത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ല വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനിയറുമായി ചർച്ച നടത്തുകയും അവശ്യങ്ങളുന്നയിച്ച് നിവേദനം നൽകുകയും ചെയ്തു.
ചർച്ചയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 20ന് പണികൾ പുനരാരംഭിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിയർ ഉറപ്പ് നൽകി. യോഗത്തിൽ വൈസ് പ്രസിഡൻറ് എൻ. മുഹമ്മദ്, കെ. നിസാർ, പി.എം.എ. ഗഫൂർ, ബിന്ദു പരമേശ്വരൻ, എൻ.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.