തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്റിന്റെ അപകടാവസ്ഥയിലുള്ള കൂറ്റന്ചുറ്റുമതില് പൊളിച്ചുപണിയാന്‍ നടപടി വൈകുന്നു. മൂന്നുകോടി രൂപയുടെ ടെന്‍ഡറെടുക്കാന്‍ ആളില്ലാത്തതിനാല്‍ പ്രവൃത്തി ആരംഭിക്കുന്നത് അനിശ്ചിതാവസ്ഥയിലാണ്.
ഈ സാഹചര്യത്തില്‍ ഐ.ഒ.സി പ്ലാന്റ് മാനേജര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാനുള്ള തീരുമാനത്തിലാണ് തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതര്‍. തേഞ്ഞിപ്പലം 15ാം വാര്‍ഡിൽപെടുന്ന ആലിങ്ങല്‍ പ്രദേശത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റൻ ചുറ്റുമതില്‍ പൊട്ടിക്കീറി നില്‍ക്കുകയാണ്.
ചേളാരിയിലെ പോളിടെക്നിക് കോളജിന് മുന്നിലൂടെ ചാപ്പപ്പാറ പ്രദേശത്തേക്കുള്ള റോഡിലൂടെ ദിനംപ്രതി നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്നതാണ്. രണ്ടാള് പൊക്കത്തിലധികം ഉയരമുള്ള മതില് കഴിഞ്ഞവര്‍ഷം മഴക്കാലത്തിനുശേഷം പൊളിച്ചുപണിയാന്‍ തീരുമാനിച്ചതായിരുന്നു.
പി. അബ്ദുൽ ഹമീദ് എം.എല്‍.എയുടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് യാത്ര സുരക്ഷിതമാക്കാന്‍ ജില്ല കലക്ടര്‍ നാലുമാസം മുമ്പ് അടിയന്തര നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മതില് പൊളിച്ചുപണിയാന്‍ മൂന്ന് തവണ ടെന്‍ഡര്‍ നല്‍കിയിട്ടും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതിനാലാണ് പ്രതിസന്ധി.
എന്നാല്‍, കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയുള്ള മതില് പുനര്‍നിര്‍മാണത്തിനായി ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഐ.ഒ.സി അധികൃതരെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.