കരുവാരകുണ്ട്: ആരോഗ്യവകുപ്പും വിദ്യാർഥികളും ബോധവത്കരണ യത്നം സജീവമാക്കിയിട്ടും കരുവാരകുണ്ടിൽ ഡെങ്കിപ്പനിക്ക് ശമനമില്ല. പുതുതായി 11 പേർക്ക് കൂടി ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ ബാധിതരുടെ എണ്ണം 38 ലെത്തി. സംസ്ഥാനത്തെ ഏക ഡെങ്കി ഹോട്ട്സ്പോട്ടായി കരുവാരകുണ്ട് തുടരുന്നതായാണ് റിപ്പോർട്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടറും ഡി.എം.ഒയും നേരിട്ട് ഇടപെട്ടതിനെ തുടർന്ന് മൂന്നിലേറെ തവണയാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്തെത്തി വീടുകൾ സന്ദർശിച്ചത്. ഇവിടെ നിന്ന് ശേഖരിക്കുന്ന വെള്ളത്തിൽ പലതവണ ഡെങ്കി പരത്തുന്ന കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 20 ലെത്തിയാൽ മരണമുണ്ടാവുമെന്ന മുന്നറിയിപ്പും സംഘം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, ആശ പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മെഡിക്കൽ ഓഫിസർ സാമൂഹിക മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഇതിനിടയിലാണ് ഇന്നലെയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ മിക്ക റബർ തോട്ടങ്ങളും കൊതുകുവളർത്തുകേന്ദ്രങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. കണ്ണത്ത് അങ്ങാടിക്ക് സമീപം സംസ്ഥാന പാതയോരത്തെ റബർ തോട്ടത്തിലെ പല പാൽ ചിരട്ടകളിലും കൂത്താടികൾ വളരുന്നതായി പരിശോധനയിൽ കണ്ടെത്തി.
ഇക്കാര്യം തോട്ടം ഉടമകളെയും ആരോഗ്യ വകുപ്പിനെയും പല തവണ അറിയിച്ചിട്ടും നടപടിയില്ലെന്ന് പരാതിയുണ്ട്. കണ്ണത്ത് വാർഡിൽ നേരത്തെ തന്നെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. പരിസ്ഥിതി ദിനത്തിൽ പുൽവെട്ട ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ ഡെങ്കിപ്പനി ബോധവത്കരണവുമായി വീടുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.