മലപ്പുറം: വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥർ ഇനി മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാർ. നേരത്തേ, ജില്ല മെഡിക്കൽ ഓഫിസറായിരുന്നു നിർവഹണ ഉദ്യോഗസ്ഥൻ. പദ്ധതിയിൽ 4000 രൂപയാണ് ഡയാലിസിസ് നടത്താൻ പ്രതിമാസം ഒരാൾക്ക് നൽകിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ ഇനത്തിൽ 35 ലക്ഷം രൂപ ജില്ല പഞ്ചായത്ത് വകയിരുത്തിയിരുന്നു.
പദ്ധതി പ്രകാരം ഡയാലിസിസ് ചെയ്യുന്ന ആശുപത്രികൾ ഡി.എം.ഒയുമായി ധാരണപത്രം ഒപ്പിടണമായിരുന്നു. പല തദ്ദേശസ്ഥാപനങ്ങളും ഇതിന് തയാറാകാത്തതിനാൽ നിരവധി ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചിരുന്നില്ല. 303 ഗുണഭോക്താക്കൾക്കായി ആകെ 32 ലക്ഷം രൂപ മാത്രമാണ് നൽകാൻ സാധിച്ചത്. കൂടാതെ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ജില്ല പഞ്ചായത്തിന് കൈമാറിയ 90 ലക്ഷം രൂപയിൽ 70 ലക്ഷം കൈമാറാനും സാധിച്ചിരുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഡി.എം.ഒയുമായി ധാരണപത്രം ഒപ്പിടാത്തതിനാലായിരുന്നു മുടങ്ങിയത്.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായി ഓരോ ഗ്രാമപഞ്ചായത്തിലെയും മെഡിക്കൽ ഓഫിസർമാരെ ചുമതലപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക്, ജില്ല പഞ്ചായത്ത് സംയുക്ത പദ്ധതിയായി തുടരാനും അനുമതിയായി. ഇതോടെ, ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ജില്ല പഞ്ചായത്തിന് തുക കൈമാറേണ്ട ആവശ്യമില്ല. പദ്ധതിക്കായി തുക നീക്കിവെക്കുന്ന സ്ഥാപനങ്ങൾക്ക് ജില്ല പഞ്ചായത്ത് വിഹിതം നൽകിയാൽ മതി. ഇതോടെ, കൂടുതൽ രോഗികൾക്ക് സാമ്പത്തിക സഹായം ലഭിക്കുകയും കൂടുതൽ പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കാൻ സാധിക്കുകയും ചെയ്യും.
4000 രൂപയിൽ 2000 രൂപ ഗ്രാമപഞ്ചായത്തും 1000 രൂപ വീതം ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുമാണ് നൽകുക. ജില്ലയിൽ 2700ഓളം ഡയാലിസിസ് ചെയ്യുന്ന രോഗികളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗം പേരും ഡയാലിസിസിനായി സമീപ ജില്ലകളെയാണ് ആശ്രയിക്കുന്നത്. ഇതിന് വലിയ തുകയും ചെലവാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അർഹതപ്പെട്ട രോഗികൾക്ക് ധനസഹായം ഡയാലിസിസ് യൂനിറ്റ് വഴി നൽകാൻ പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.