എടപ്പാൾ: നിർമാണം നടക്കുന്ന കെട്ടിടത്തിൽ സാധനങ്ങൾ ഇറക്കുന്നതിനെച്ചൊല്ലി സി.ഐ.ടി.യുവും തൊഴിലാളികളും തമ്മിൽ തർക്കം. അക്രമം ഭയന്നോടിയ തൊഴിലാളിക്ക് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റു.
എടപ്പാൾ-പട്ടാമ്പി റോഡിൽ ആശുപത്രി പടിക്ക് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയതിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ തൊഴിലാളികളും സി.ഐ.ടി.യുക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായത്. യൂനിയൻകാർ അക്രമിക്കാൻ എത്തിയതാണെന്ന ധാരണയിൽ ഭയന്നോടിയ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനാണ് അഞ്ച് നില കെട്ടിടത്തിൽ നിന്ന് അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് വീണ് ഇരുകാലുകൾക്കും പരിക്കേറ്റത്.
രാത്രിയിലെത്തിയ ലോഡ് ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് സ്വയം ഇറക്കാൻ തയാറായതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനിടയിലാണ് യൂനിയൻകാർ രംഗത്തെത്തുകയും വാക്കുതർക്കം ഉടലെടുക്കുകയും ചെയ്തത്. തൊഴിലാളികൾ അറിയിച്ചതനുസരിച്ച് കെട്ടിട ഉടമയും സ്ഥലത്തെത്തി. സംഭവമറിഞ്ഞ് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി സംഭവം രമ്യമായി പരിഹരിക്കാൻ നിർദേശം നൽകി പോവുകയും ചെയ്തു. പിന്നീട് പ്രശ്നം ചർച്ച ചെയ്ത് അവസാനിപ്പിച്ചപ്പോഴാണ് കെട്ടിടത്തിൽ നിന്നു യുവാവ് ചാടിയ വിവരം ഉടമയെ അറിയിച്ചത്. ഉടൻ തന്നെ ഇയാളെ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ എടപ്പാളിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.