മലപ്പുറം: 64ാത് ജില്ല കായികമേളക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ബുധനാഴ്ച ട്രാക്കുണരും. കേരളത്തിലെ ഏറ്റവും കൂടുതല്‍ കായികതാരങ്ങൾ പങ്കെടുക്കുന്ന ജില്ല കായികമേളയാണ് മലപ്പുറത്തേത്. ഈ മാസം 23, 24, 25 തീയതികളിലായി നടക്കുന്ന കായികമേളയിൽ 17 ഉപ വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി മൂവായിരത്തോളം താരങ്ങള്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 8.30ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. വൈകീട്ട് മൂന്നിന് കായികമന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഇപ്രാവശ്യം മേള കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ 'ഫോട്ടോഫിനിഷിങ്'അടക്കമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയർമാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ, കായികമേളയുടെ ജനറൽ കൺവീനറും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുമായ കെ.പി. രമേഷ് കുമാര്‍ എന്നിവർ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് വലിയ ഒരുക്കമാണ് 11 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. കായികതാരങ്ങള്‍ക്കെല്ലാം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹരിത പ്രോട്ടോേകാള്‍ പാലിച്ചായിരിക്കും ഭക്ഷണ വിതരണം. പൊലീസ്, വിവിധ സന്നദ്ധ സംഘടനകള്‍, എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആര്‍.സി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്താടുകൂടി ക്രമസമാധാനത്തിനുള്ള സംവിധാനവും സജ്ജമാണ്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യവകുപ്പിന്‍റെയും സഹകരണത്തോടുകൂടി കായിക താരങ്ങള്‍ക്കുള്ള ആരോഗ്യസംരക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു. വാർത്തസമ്മേളനത്തിൽ തിരൂരങ്ങാടി ഡി.ഇ.ഒ പി.പി. റുഖിയ, ജില്ല സ്‌പോര്‍ട്‌സ് ആൻഡ് ഗെയിംസ് ജില്ല സെക്രട്ടറി കെ.വി. മുഹമ്മദ് ശരീഫ്, വെല്‍ഫെയര്‍ കമ്മിറ്റി കൺവീനർ പി.എം. ഹാഷിഷ്, സി.ഇ. ദീപക് എന്നിവരും പങ്കെടുത്തു.
രാവിലെ ഒമ്പതിന് സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ മത്സരത്തോടെ മേളയുടെ ട്രാക്കുണരും. തുടർന്ന് സബ്ജൂനിയർ വിഭാഗം ഷോട്ട്പുട്ടും സീനിയർ വിഭാഗം ഹാമർ ത്രോയും നടക്കും. ഗ്ലാമർ ഇനമായ 100 മീറ്റർ മത്സരങ്ങളുടെ ഫൈനൽ ഉച്ചഭക്ഷണ ഇടവേളക്കുശേഷം നടക്കും. ഉച്ചക്ക് 1.30ന് സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനൽ നടക്കും. തുടർന്ന് സബ്ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളുടെ 100 മീറ്റർ ഫൈനലുകളും നടക്കും.
സീനിയർ പെൺകുട്ടികുടെ 4x100 റിലേ വൈകീട്ട് 3.30നും സീനിയർ ആൺകുട്ടികളുടെ 4x100 റിലേ 3.45നും നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററാണ് ആദ്യദിനത്തിലെ അവസാന മത്സരം. ജില്ല ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയാവുകയും അവയുടെ സംസ്ഥാന മത്സരങ്ങൾ അവസാനഘട്ടത്തിലാണ്. ട്രാക്ക് ആൻഡ് ഫീല്‍ഡ് മത്സരങ്ങള്‍ മാത്രമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.