മലപ്പുറം: ആയിരത്തിലേറെ വർഷം പഴക്കമുള്ള ഓക്സ്ഫഡ് സർവകലാശാലയിൽ റിസർച് സയൻറിസ്റ്റായി ഇനി മോങ്ങം സ്വദേശി ഡോ. സി.കെ. സഫീറും. ഹിൽടോപ് പരേതനായ ചേനാട്ടുകുഴിയിൽ മുഹമ്മദിെൻറയും പി. ഖദീജയുടെയും മകനാണ്. നൂറുകണക്കിന് പേർ പങ്കെടുത്ത അഭിമുഖത്തിൽനിന്നാണ് സഫീർ ഈ നേട്ടം കൈവരിച്ചത്. സർവകലാശാല ഫിസിക്സ് വിഭാഗത്തിൽ അസോസിയേറ്റ് റിസർച് സയൻറിസ്റ്റായി സെപ്റ്റംബറിൽ ജോലിക്ക് ചേരും.
മോങ്ങം ഉമ്മുൽ ഖുറ സ്കൂളിൽനിന്ന് പത്താം ക്ലാസും മൊറയൂർ വി.എച്ച്.എം.എച്ച് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവും കഴിഞ്ഞ ഇദ്ദേഹം ഡൽഹി സർവകലാശാലയിൽ ഹാൻസ്രാജ് കോളജിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ഫ്രാൻസിലെ ജോസഫ് ഫോറിയർ സർവകലാശാലയിൽനിന്ന് നാനോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഫ്രഞ്ച് ആറ്റോമിക് എനർജി സെൻററിെൻറ ഭാഗമായ സ്പിൻ ടെക് ലാബോറട്ടറിയിൽനിന്ന് നാനോ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. മേരി ക്യൂറി ഫെലോഷിപ് നേടി സ്പെയിനിലെ നാനോഗുനേ റിസർച് സെൻററിൽ ഗവേഷകനായി േജാലി ചെയ്യവെയാണ് ഓക്സ്ഫഡിൽ ജോലി ലഭിച്ചത്.
നേച്ചർ മാഗസിനിലുൾപ്പെടെ നിരവധി മാഗസിനുകളിൽ അദ്ദേഹത്തിെൻറ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കാൻ സാധ്യതയുള്ള മാഗ്നറ്റ് മെമ്മറി കണ്ടുപിടിച്ചതിന് മൂന്ന് അന്താരാഷ്ട്ര പേറ്റൻറുകളും സ്വന്തമാക്കി. 2015ൽ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ മികച്ച അവതരണത്തിനുള്ള അവാർഡും നേടി. മനുഷ്യ മസ്തിഷ്കത്തെ പോലെ പ്രവർത്തിക്കാൻ സാധ്യതയുള്ള ഭാവിയിലെ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചാണ് ഒാക്സ്ഫഡിൽ ഗവേഷണം നടത്തുക. ഐ.ബി.എം സ്പെയിനിൽ കമ്പ്യൂട്ടർ എൻജിനീയർ ഷിരീനാണ് ഭാര്യ. സമീർ, സുനീർ, സബീർ, സക്കീറ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.