മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയാനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലിം സംഘടന നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ജില്ല ഭരണകൂടം അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്ത് രോഗവ്യാപനമുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കാൻ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ കലക്ടറുടെ ചുമതല വഹിക്കുന്ന ഡിസ്ട്രിക്റ്റ് െഡവലപ്മെൻറ് കമീഷണര്‍ എസ്. പ്രേം കൃഷ്ണെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
പെരുന്നാള്‍ നമസ്കാരത്തിനായി പരമാവധി 40 പേര് മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് മഹല്ല് കമ്മിറ്റി ഉറപ്പുവരുത്തും. വീട്ടില്‍നിന്നുതന്നെ അംഗശുദ്ധി എടുക്കണം, ബലികർമത്തിനായി വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ, പങ്കെടുക്കുന്നവര്‍ ആൻറിജന്‍ / ആര്.ടി.പി.സി.ആര് ടെസ്റ്റ് നെഗറ്റിവ് ആയവരോ വാക്സിന് സ്വീകരിച്ചവരോ ആവണം. മാംസം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളിലേക്കെത്തിക്കണം. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം ഖാദി / ഖതീബുമാര്‍ കോവിഡ് വ്യാപനം തടയാനാവശ്യമായ ബോധവത്കരണം പള്ളികളില്‍ നടത്തുമെന്നും യോഗത്തില്‍ അറിയിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധുവീടുകളിലെ സന്ദര്‍ശനം, ആലിംഗനം, പരസ്പരം കൈകൊടുക്കല്‍, അടുത്തുനിന്ന് സംസാരിക്കല്‍ എന്നിവ ഒഴിവാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അഭ്യർഥിച്ചു. രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതും മരണ നിരക്ക് കൂടിയതും പരിഗണിച്ച് ഓരോരുത്തരും സ്വയം നിയന്ത്രണത്തിന് തയാറാവണമെന്ന് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അഭ്യര്‍ത്ഥിച്ചു.
മുസ്ലിം സംഘടനകളെ പ്രതിനിധാനം ചെയ്ത് കൂറ്റമ്പാറ അബദുറഹിമാന്‍ ദാരിമി, ഹാഷിം ഹാജി, കുഞ്ഞിപ്പ, മുഹമ്മദ് ഷാഫി, നാസര്‍, സദറുദ്ദീന്‍ നടുവത്ത് കുണ്ടില്‍, സൈനുദ്ദീന്‍ പാലൊളി, സിദ്ദി കോയ, പി.പി. മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് ഫൈസി, എം. അബ്ദുല്ല, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.പി. അഹമ്മദ് സലീം, ആനമങ്ങാട് ഫൈസി, ഡോ. പി.പി. മുഹമ്മദ്, ജമാല്‍ കരുളായി, ഹസീബ് മാനു, സലീം മമ്പാട് തുടങ്ങിയവരും എ.ഡി.എം ഇന്‍ ചാര്‍ജ് എം.സി. റജില്‍, ഡി.ഡി.പി ഷാജി ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.എസ്. രാധേഷ്, എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.