പൊന്നാനി: ജില്ലയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ വിധിയെഴുത്ത് നിർണായകമാവും. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് എത്തും. ജില്ലയിലെ ഏറ്റവും വലിയ നഗരസഭയായ പൊന്നാനിയിൽ ബലാബല പോരാട്ടത്തിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തീരദേശ മേഖലയിലെ ഒന്ന് മുതൽ 41 വരെയുള്ള വാർഡുകളിലെ ചാഞ്ചാട്ടം ഭരണമാറ്റം നിശ്ചയിക്കും.
കൂടാതെ ഇടത് കോട്ടയായ ഈഴുവത്തിരുത്തി മേഖലയിലും ഇത്തവണ കനത്ത പോരാട്ടമാണ്. ഒരു സീറ്റിെൻറ വ്യത്യാസത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ച മാറഞ്ചേരിയിൽ ഇത്തവണ ശ്രദ്ധേയമായ മത്സരത്തിെൻറ ജനവിധി തീരുമാനിക്കാനാണ് വോട്ടർമാർ പോളിങ് സ്റ്റേഷനിലെത്തുക. യു.ഡി.എഫ് ഭരിച്ചിരുന്ന വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ഇത്തവണ മാറ്റങ്ങളുണ്ടാകുമോ എന്ന് വിധിയെഴുതുന്നതും ഇന്നാണ്.
പൊന്നാനി നഗരസഭയിലെ പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ വിതരണം പൊന്നാനി എ.വി. ഹൈസ്കൂളിലും വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലെ വിതരണം പെരുമ്പടപ്പ് കെ.എം.എം സ്കൂളിലും പൂർത്തിയായി. കോവിഡ് പ്രതിരോധ ഭാഗമായി കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് യന്ത്രം നൽകിയത്. പൊന്നാനി എ.വി. ഹൈസ്കൂളിലെ രണ്ട് വോട്ടുയന്ത്രങ്ങൾ കേടായതിനെത്തുടർന്ന് മാറ്റി നൽകി. 13 വോട്ടുയന്ത്രങ്ങളാണ് ഇതുവരെ മാറ്റി നൽകിയത്. പൊന്നാനി തെയ്യങ്ങാട് സ്കൂളിൽ ഹരിത ബൂത്തുകളും തയാറായി. പെരുമ്പടപ്പ്, പൊന്നാനി സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനത്തിനായി പൊലീസുകാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ചങ്ങരംകുളം: തെരഞ്ഞെടുപ്പ് നടക്കുന്ന പ്രശ്നബാധിത ബൂത്തുകളിൽ കനത്തസുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി ചങ്ങരംകുളം പൊലീസ്. സ്റ്റേഷൻ അതിര്‍ത്തിയില്‍ 13ഓളം പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പൊലീസ് നിരീക്ഷണവും പട്രോളിങ്ങും സജ്ജമാക്കി. മറ്റു ജില്ലകളില്‍നിന്ന് 100 പേർ അടക്കം 200ഓളം വരുന്ന പൊലീസ് സംഘത്തിനാണ് ചുമതല. സി.ഐയുടെ നേതൃത്വത്തില്‍ എട്ടോളം െപാലീസ് വാഹനങ്ങള്‍ െതരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തും. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കാളാച്ചാല്‍ തെങ്ങില്‍ കോലത്ത്, എരുവപ്രക്കുന്ന്, വട്ടംകുളം, നന്നംമുക്ക് തുടങ്ങിയ മേഖലകളില്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ സി.ഐമാരുടെയും എസ്.െഎമാരുടെയും നേതൃത്വത്തില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്.
വളാഞ്ചേരി: കോവിഡ് ബാധിച്ചതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ 352 പേർ വളാഞ്ചേരി നഗരസഭയിലും 216 പേർ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലും വോട്ട് ചെയ്തു. സ്പെഷൽ പോളിങ് ഓഫിസർമാർ ഇവരുടെ വീടുകളിൽ എത്തിയാണ് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിച്ചത്. ഡിസംബർ ആറിന് ആരംഭിച്ച വോട്ട് ചെയ്യിക്കൽ ഞായറാഴ്ചയോടെ സമാപിച്ചു. രാത്രി വൈകിയാണ് പലയിടത്തും വോട്ട് ചെയ്യിക്കൽ അവസാനിച്ചത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 171 പേർ വളാഞ്ചേരി നഗരസഭയിലും 209 പേർ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.