മലപ്പുറം: ഫ്രാൻസ്-- സ്വിറ്റ്സർലൻഡ് കളിയുടെ അവസാന നിമിഷം. ഒന്നിനെതിരെ മൂന്ന് ഗോൾ നേടി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ഫ്രഞ്ച് പടക്കെതിരെ അവസാന മിനുറ്റുകളിലെ രണ്ടു ഗോളുകളുമായി അവിശ്വസനീയമായി സ്വിസ് സംഘം തിരിച്ചു വരുന്നു. ബുക്കാറസിലെ മൈതാനത്ത് മുഴുവൻ സമയ കളി തീർന്ന് അധിക സമയത്തിലേക്ക് നീങ്ങിയപ്പോഴും ടി.വിക്ക് മുന്നിലിരുന്ന ഫ്രഞ്ച് ആരാധകരുടെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.
അധിക സമയവും കഴിഞ്ഞ് പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ വിധി നിർണായക കിക്ക് എടുക്കാൻ സിനദിൻ സിദാന് ശേഷം ഫ്രഞ്ച് താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കിലിയൻ എംബാപെ വരുന്നു. ടി.വിക്ക് മുന്നിൽ ഉറക്കമിളച്ചിരുന്ന മലപ്പുറത്തെ കാണികൾ ശ്വാസമടക്കി കാത്തിരുന്നു. എംബാപെയുടെ കിക് വല തുളച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നതും പ്രതീക്ഷിച്ചവർ സ്വിസ് ഗോളി പന്ത് തട്ടിയകറ്റുന്നത് കാണേണ്ടി വന്നപ്പോൾ തലയിൽ കൈ വെച്ച് മലപ്പുറത്തെ ആരാധകർ അറിയാതെ വിളിച്ചു പോയി ഓ... െൻറ... എംബാപ്പേ...
അത്രമേൽ മുഹബ്ബത്തുണ്ട് ഫ്രഞ്ച് സംഘത്തോട്, പ്രത്യേകിച്ച് എംബാപെയോട് കളിപ്രേമികൾക്ക്. ആ കളി കാണാൻ അരീക്കോട്ടുനിന്നുവരെ യൂറോപ്പിലെത്തിയവരുണ്ട്. കഴിഞ്ഞ ലോകകപ്പിൽ എതിരാളികളെ വേഗംകൊണ്ട് കീഴടക്കി അസാമാന്യ കളി പുറത്തെടുത്ത് ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിന് മുന്നിൽ നിന്നാണ് എംബാപെ ആരാധകരുടെ മനസ്സിൽ കസേര വലിച്ചിട്ടിരുന്നത്.
എന്നാൽ, ഒരു നിമിഷംകൊണ്ട് എല്ലാം കൈവിട്ട് പോവുകയായിരുന്നു. സ്വിസ് സംഘത്തിനിത് മധുരപ്രതികാരം കൂടിയായിരുന്നു. മുമ്പ് ഇതുപോലൊരു മത്സരത്തിൽ ജയിച്ചു നിന്ന അവരെ അവസാന നിമിഷം സിനദിൻ സിദാൻ എന്ന മാന്ത്രികൻ രണ്ട് ഗോളടിച്ച് തകർത്തിട്ടുണ്ട്. അതിെൻറ പ്രതികാരം കൂടിയായിരുന്നു തിങ്കളാഴ്ചയിലെ മത്സരം.
കരീം ബെൻസേമ, ഗ്രീസ്മാൻ, പോഗ്ബ തുടങ്ങി ലോക ഫുട്ബാളിലെ വമ്പന്മാരുടെ മടക്കം ആരാധകർക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല. യൂറോയിൽ വമ്പന്മാർക്ക് അടിപതറുേമ്പാഴും അർജൻറീനയും ബ്രസീലും കോപയിൽ മുന്നേറുന്ന കാഴ്ച ആരാധകർക്ക് നൽകുന്ന ആവേശവും ചെറുതല്ല. മെസ്സിയുടെ ഇരട്ട ഗോളുമായി ബൊളീവിയയെ തകർത്തതിെൻറ ആവേശത്തിലാണ് അർജൻറീനൻ ഫാൻസ്.
'പൊന്നാര സ്പെയിൻകാരെ, എന്തൊരു ചൊറുക്കാണ് ങ്ങളെ കളിക്ക്'
എതിർ ഗോൾ വര വരെ കൈമാറുന്ന കുറിയ പാസുകളുമായി ആരാധക മനസ്സുകളിലേക്ക് ഓടിക്കയറിയ ടീമാണ് സ്പെയിൻ. പാസിങ് ഗെയിമുകൊണ്ട് ലോക കിരീടം നേടിയവർ. സാവി, ഇനിയസ്റ്റ, റൗൾ, പിക്വേ, െസർജിയോ റാമോസ്... തുടങ്ങി എത്രയോൾ താരങ്ങൾ. ലോക ഫുട്ബാളിൽ പ്രതിഭകളുടെ നിര തന്നെ സംഭാവന ചെയ്ത ടീം. ഈ യൂറോ കപ്പിലും അത് തുടരുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ആരാധക ഹൃദയം കവർന്ന നീളൻ തലമുടിക്കാരനായ മോഡ്രിച്ചിെൻറ നേതൃത്വത്തിലെത്തിയ ക്രൊയോഷ്യയായിരുന്നു തിങ്കളാഴ്ച എതിരാളികൾ.
കാണികൾക്ക് കാൽപന്തുകളിയുടെ എല്ലാ സൗന്ദര്യവും ആവോളം പകർന്നു നൽകിയ തകർപ്പൻ ത്രില്ലറായിരുന്നു കോപ്പൻഹേഗനിൽ അരങ്ങേറിയത്. അടിക്ക് അടി, ഗോളിന് ഗോൾ, നാടകീയത എല്ലാമായി ത്രസിപ്പിച്ച മത്സരം. മൈതാനത്തിെൻറ വലതുമൂലയിലേക്ക് നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത് സ്പെയിൻ താരം ഫെറാൻ ടോറസ് അടിച്ച കലക്കൻ ഗോൾ തന്നെ മതി. അധിക സമയത്തേക്ക് നീണ്ട കളിക്കൊടുവിൽ മൂന്നിനെതിരെ അഞ്ച് ഗോളുകളുമായി ചുവപ്പൻ പട ക്വാർട്ടറിലേക്ക് കയറിപ്പോവുേമ്പാൾ 'സ്പെയിൻകാരെ... എന്തൊര് ചൊറുക്കാണ് ങ്ങളെ കളിക്ക്' എന്നേ പറയാനുള്ളൂ മലപ്പുറത്തെ ആരാധകർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.