മലപ്പുറം: ക്ലബിലിരുന്ന് ടി.വിയിലും ബിഗ് സ്ക്രീനിലും കളി കണ്ടിരുന്ന രാപ്പകലുകൾ കോവിഡ് കാലത്ത് ഓർമമാത്രമാണ്. യൂറോ കപ്പിന് പന്തുരുണ്ടു തുടങ്ങിയപ്പോൾ വീട്ടിലാണെല്ലാവരും. കൂടെ ഇരുന്ന് കളി കാണുന്നത് കൂട്ടുകാരല്ല കുടുംബാംഗങ്ങളാണ്. ജില്ലയിലെ ചില ഫുട്ബാൾ കുടുംബങ്ങളിലെ വീടകക്കാഴ്ചകൾ.
കേരള മറഡോണയെന്ന വിളിപ്പേരുള്ള ആസിഫ് സഹീറിെൻറത് ഫുട്ബാൾ തറവാടാണ്. കുടുംബത്തിൽ ദേശീയ താരങ്ങളടക്കം കുറെ പന്തുകളിക്കാരുണ്ട്. പരേതനായ തച്ചങ്ങോടൻ മുഹമ്മദ് എന്ന വലിയ മാനുക്കോയയുടെയും അലവിയുടെയും അഞ്ച് ആൺമക്കളും ജനിച്ചുവീണത് മമ്പാടിെൻറ കളിമുറ്റത്തേക്ക്.
ആസിഫിന് പുറമെ സഹോദരങ്ങളായ ഷബീറലിയും ഷഫീഖലിയും ഹബീബ് റഹ്മാനും കേരളത്തിെൻറ ജഴ്സിയണിഞ്ഞു. മറ്റൊരു സഹോദരൻ അബ്ദുൽ ഗഫൂറും താരമായിരുന്നു. ഒരേ കോമ്പൗണ്ടിലാണ് എല്ലാവരുടെയും വീട്. യൂറോ കപ്പിലെ മത്സരങ്ങൾ കാണാൻ ഉമ്മക്കൊപ്പം ആസിഫും ഷബീറും ഷഫീഖും കുടുംബസമേതം ഇരിക്കും. മമ്പാട്ടെ ഫ്രണ്ട്സ് ക്ലബിലും റെയിൻബോ ക്ലബിലുമൊക്കെ ഇരുന്നായിരുന്നു ആസിഫിന് കൂട്ടുകാർക്കൊപ്പമുള്ള കളി കാണൽ.
പരിശീലകനായ എം. കമാലുദ്ദീന് ഫുട്ബാളെന്നാൽ ജീവിതമാണ്. തനിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടങ്ങളിലൂടെ മക്കളെ വഴിനടത്തുന്നു നിലമ്പൂർ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയുടെ അമരക്കാരൻ. മൂത്തമകൻ മുഹമ്മദ് ഉവൈസ് ഐ ലീഗ് ജേതാക്കളായ ഗോകുലം എഫ്.സിയുമായി കരാറൊപ്പിട്ടു.
രണ്ടാമത്തവൻ മുഹമ്മദ് ഉനൈസ് കോവളം എഫ്.സിയിലുണ്ട്. ഇളയവൻ മുഹമ്മദ് ഉമൈസും പിതാവിെൻറയും സഹോദരങ്ങളുടെയും വഴിയെ. നിലമ്പൂർ ചന്തക്കുന്നിലെ വീട്ടിലിപ്പോൾ എല്ലാരുമുണ്ട്. ഒരുമിച്ചിരുന്നാണ് യൂറോ കപ്പിലെ മത്സരങ്ങൾ കാണുന്നത്. പിതാവിനെപ്പോലെ മക്കൾക്ക് കട്ടക്ക് കൂട്ടുനിന്ന് മാതാവ് സൽമത്തും.
ഫുട്ബാൾ ഗ്രാമമായ അരീക്കോട് തെരട്ടമ്മലിലെ കൈതറ വീട്ടിൽ ആനിസും ആസിലും ദേശീയ ജൂനിയർ ഫുട്ബാളിൽ ഒരുമിച്ച് കേരളത്തിെൻറ ജഴ്സിയണിഞ്ഞവരാണ്. ജൂനിയർ ഇന്ത്യൻ താരവുമായിരുന്നു ആനിസ്. കോട്ടയം ബസേലിയസ് കോളജിെൻറ ജഴ്സിയിലാണ് ഒടുവിൽ കളിച്ചത്. ടാറ്റ ഫുട്ബാൾ അക്കാദമിയിലായിരുന്നു ആസിൽ.
രണ്ടുപേരും ഫുട്ബാളിൽ കൂടുതൽ ഉയരങ്ങൾ തേടുന്നു. തെരട്ടമ്മൽ ജൂനിയർ ബോയ്സ് ക്ലബിലിരുന്ന് കൂട്ടുകാർക്കൊപ്പം കളി കണ്ടവർ കോവിഡ് കാലത്ത് വീട്ടിലൊതുങ്ങി. മത്സരങ്ങൾ ആസ്വദിക്കാൻ ഫുട്ബാൾ താരമായിരുന്ന പിതാവുമുണ്ട് കൂടെ. അധ്യാപകനായി ജോലി നോക്കുന്ന അലിമാെൻറയും കെ.ടി. താഹിറയുടെയും മക്കളാണ് ആനിസും ആസിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.