അരീക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന കക്കാടംപൊയിലിൽ ബലി പെരുന്നാൾ കഴിഞ്ഞത് മുതൽ അനുഭവപ്പെട്ടത് സഞ്ചാരികളുടെ വൻ തിരക്ക്. മലബാറിലെ ഊട്ടി എന്നും ഗവി എന്നും വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് പ്രതിദിനം നിരവധി പേരാണ് സന്ദർശനത്തിന് എത്തുന്നത്.
കടൽ നിരപ്പിൽ നിന്ന് 2200 അടി ഉയരമുള്ള പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ഈ അടുത്തകാലത്താണ് സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയത്. മല കേറിയെത്തിയാൽ സഞ്ചാരികളെ കാത്തിരിക്കുന്നത് കണ്ണിനു കുളിർമയേകുന്ന നിരവധി കാഴ്ചകളാണ്.
ഇതിൽ മനോഹരമായ കോഴിപ്പാറ വെള്ളച്ചാട്ടം മുതൽ പഴശ്ശി ഗുഹവരെ ഉൾപ്പെടുന്നു. അവധി ദിവസങ്ങളിലാണ് പ്രധാനമായും സഞ്ചാരികൾ ദുരെദിക്കുകളിൽ നിന്ന് ഉൾപ്പടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇവിടെയെത്തുന്നത്.
ചാലിയാർ, കൂടരഞ്ഞി, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മലയോര ഗ്രാമത്തിൽ താമസിക്കുന്നത്. ചോല നായ്ക്കർ ഉൾപ്പെടെ നിരവധി ആദിവാസി കോളനികളുമുണ്ട്.
സ്വകാര്യ വ്യക്തികളുടെ നിരവധി റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കക്കാടംപൊയിൽ അങ്ങാടിയിൽ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികൾ പഴശ്ശി ഗുഹയുടെ സമീപത്തുള്ള കുരിശുമല കയറാനാണ് പ്രധാനമായും എത്തുന്നത്. അതേസമയം കോഴിപ്പാറ വെള്ളച്ചാട്ടം മാത്രമാണ് നിലവിൽ ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.