മലപ്പുറം: ജലവിതരണ പൈപ്പ് തകർത്ത് കുടിവെള്ളം മുട്ടിച്ചതിൽ പ്രതിഷേധിച്ച് നഗരസഭ മൂന്നാംപടി 11-ാം വാർഡ് കൗൺസിലറുടെയും സി.പി.എം പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അതോറിറ്റിയുടെ ഓഫിസ് ഉപരോധിച്ചു. മൂന്നാംപടി ജൂബിലി റോഡിലെ ഓഫിസാണ് ഉപരോധിച്ചത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ഓഫിസിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് അധികൃതരുമായി പ്രതിഷേധക്കാർ ചർച്ച നടത്തി. ചർച്ചയിൽ വെള്ളിയാഴ്ചക്കകം പ്രദേശത്തെ കുടിവെള്ള പ്രശ്നം പൂർണമായി പരിഹരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. എന്നാൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ കമ്പനി അധികൃതർ തയാറായില്ല. മൂന്നാംപടി ഡി.പി.ഒ റോഡ്, സാജു റോഡ് എന്നിവിടങ്ങളിലെ 84 ഓളം വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനാണ് ഗ്യാസ് ലൈന്‍ ട്രഞ്ച് കീറുന്നതിനിടെ തകർത്തത്. കുടിവെള്ളം മുട്ടിയതോടെ പ്രദേശത്തുകാർ ദുരിതത്തിലായി. നേരത്തെ നഗരസഭയിലെ മറ്റ് വാർഡുകളിൽ പ്രവൃത്തി നടത്തിയപ്പോഴും ഇതേ പരാതി ഉയർന്നിരുന്നു.
പ്രതിഷേധത്തിന് നഗരസഭ വാർഡ് കൗൺസിലർമാരായ കെ.എം. വിജയലക്ഷ്മി, കെ.പി.എ. ഷരീഫ്, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.പി. അനിൽ, കെ.പി. ഫൈസൽ, ലോക്കൽ സെക്രട്ടറി പി.എം. നാണി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.