മലപ്പുറം: നഗരസഭയിലെ ഏക സർക്കാർ യു.പി സ്കൂളായ മേൽമുറി അധികാരിത്തൊടി ഗവ. യു.പി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടുകാർ രംഗത്ത്. വാടകക്കെട്ടിടങ്ങളിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സ്ഥാപനത്തെ ഒരു കുടക്കീഴിലാക്കാനാണ് ശ്രമം. ഇതിെൻറ ഭാഗമായി സ്കൂൾ പരിസരത്തുതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ രാജ്യാന്തര നിലവാരത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം നിർമിക്കാനാണ് നീക്കം.
300 മീറ്ററിനുള്ളിൽ മൂന്ന് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ രണ്ട് വാടകക്കെട്ടിടങ്ങളിലാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ സർക്കാർ കെട്ടിടത്തിലും. 1927ൽ തുടങ്ങിയ സ്കൂളാണിത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനു പുറമേ, ക്ലാസ് മുറികളുടെ അഭാവം, ലാബ്, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല. 1998ൽ ആണ് എൽ.പി വിഭാഗത്തിനായി 33 സെൻറ് നാട്ടുകാരുടെ നേതൃത്വത്തിൽ തരപ്പെടുത്തിയത്.
പാഠന-പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളിൽ 892 കുട്ടികളാണിപ്പോഴുള്ളത്. 1000 കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളമുള്ള വിദ്യാലയമാക്കാനാണ് ശ്രമം.കെട്ടിട നിർമാണത്തിനും മറ്റു സൗകര്യങ്ങൾക്കും തുക ലഭിക്കാറുണ്ടെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തുക വിനിയോഗിക്കാനാകുന്നില്ല.
സ്കൂൾ അധ്യാപകരും ജീവനക്കാരും ചേർന്നാണ് 10 സെൻറ് ഭൂമിക്കുള്ള തുക നൽകുന്നത്. സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ കെട്ടിടവും സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി.
മികച്ച പ്രതികരണമാണ് നാട്ടുകാരിൽനിന്ന് ലഭിച്ചതെന്നും കൂടുതൽ സഹായം പ്രതീക്ഷിക്കുന്നതായും പ്രധാനാധ്യാപകൻ ടി.ജെ. ജെയിംസും പി.ടി.എ പ്രസിഡൻറ് ഷമീർ കപ്പൂരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.