തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ സപ്ലിമെന്ററി പരീക്ഷഫലവും പുനര്‍മൂല്യനിര്‍ണയ ഫലവും സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതിനാല്‍ തുടര്‍പഠന അവസരങ്ങളും ജോലിയും തേടുന്ന ഒട്ടേറെ പേര് ആശങ്കയില്‍. 45 ദിവസത്തിനകം പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് നിയമമെന്നിരിക്കെ മൂന്നുമാസം കഴിഞ്ഞിട്ടും എം.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫലം സര്‍വകലാശാല പരീക്ഷഭവന് പ്രസിദ്ധീകരിച്ചിട്ടില്ല.
മാര്‍ച്ച് 24നാണ് ഈ വിഭാഗം വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയ അപേക്ഷകള്‍ പരിഗണിച്ചത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഉത്തരക്കടലാസുകള്‍ തിരികെ ലഭിക്കുന്നതിലെ കാലതാമസമാണ് ഫലപ്രഖ്യാപനം നീളാന്‍ കാരണമെന്നാണ് പരീക്ഷഭവന് അധികൃതരുടെ വിശദീകരണം. എന്നാല്‍, മറ്റു വിഷയങ്ങളിലെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അവസാന സെമസ്റ്റര്‍ പരീക്ഷ ടൈംടേബ്ൾ വന്നിട്ടും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ വലിയ ആശങ്കയിലാണ്.
രണ്ടാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി പരീക്ഷ ആറുമാസം മുമ്പും മൂന്നാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി പരീക്ഷ അഞ്ചുമാസം മുമ്പുമാണ് നടത്തിയത്. 2022 ഡിസംബറില്‍ ബിരുദ രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയായിരുന്നു. ഉത്തരക്കടലാസുകള്‍ പരീക്ഷഭവനില്‍ എത്തിച്ച് ഫാള്‍സ് നമ്പറിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് കൈമാറുന്നതിന് മാസങ്ങള്‍ സമയമെടുക്കുന്നുണ്ട്. സപ്ലിമെന്ററി പരീക്ഷ ഫലപ്രഖ്യാപനത്തിലെ കാലതാമസം വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകള്‍ക്കാണ് തിരിച്ചടിയാകുന്നത്. വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ പി.ജിക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ പലരുടെയും സപ്ലിമെന്ററി ഫലം കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.