മലപ്പുറം: പാലക്കാട്-കോഴിക്കോട് എൻ.എച്ച് 966 ഗ്രീൻഫീൽഡ് പാത നിർമാണവുമായി ബന്ധപ്പെട്ട് പൊതു തെളിവെടുപ്പിൽ ജനപ്രതിനിധികളും പ്രദേശവാസികളും ഉയർത്തിയത് നിരവധി ആശങ്കകൾ. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ പൊതുതെളിവെടുപ്പ് നടന്നത്. പദ്ധതിയുടെ വിശദവിവരം കൈമാറണമെന്നും രൂപരേഖ സംബന്ധിച്ച് പൊതുജനങ്ങൾ അജ്ഞരാണെന്നും എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കബീർ പറഞ്ഞു.
സർവിസ് റോഡുകളുടെ അലൈൻമെന്റ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണോയെന്ന് വ്യക്തമാക്കമെന്ന് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വാസുദേവൻ ആവശ്യപ്പെട്ടു. നികത്തുന്ന കുളങ്ങൾക്കു പകരം പുതിയത് നിർമിക്കണം. റോഡ് നിർമാണത്തിന് കുന്നിടിച്ചുനിരത്തുന്നത് പാരിസ്ഥിതികാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ചൂണ്ടിക്കാട്ടി.
പാതക്കുവേണ്ടി പൊതുശ്മശാനം, അംഗൻവാടി എന്നിവയുടെ സ്ഥലം ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറഞ്ഞു. പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന വിധമുള്ള വിശദ പദ്ധതി റിപ്പോർട്ട് ലഭ്യമാക്കണമെന്ന് തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് ആവശ്യപ്പെട്ടു. റോഡ് നിർമാണംമൂലം വെള്ളക്കെട്ട് സാധ്യതയുണ്ടോയെന്നറിയാൻ സംയുക്ത പരിശോധന വേണമെന്ന് തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു ആവശ്യപ്പെട്ടു.
കുന്നിടിച്ചുള്ള നിർമാണംമൂലം നീരുറവകൾ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചീക്കോട് സ്വദേശി മജീദ് ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് പാടം നികത്തുന്നത് വൻ കുടിവെള്ളപ്രശ്നത്തിന് കാരണമാകുമെന്ന് അരീക്കോട് സ്വദേശി കുഞ്ഞിപ്പ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേയാണ് അഭികാമ്യം. ടോൾ ബൂത്തുകളുടെ എണ്ണം 14ൽനിന്ന് രണ്ടാക്കി ചുരുക്കണമെന്ന് വടശ്ശേരി സ്വദേശി കെ. സി.അബ്ദുല്ലത്തീഫ് പട്ടിക്കാട് ആവശ്യപ്പെട്ടു. പാതയോരത്തുള്ളവർക്കുപോലും കുറഞ്ഞ ദൂരം യാത്രചെയ്യാൻ ടോൾ നൽകേണ്ട അവസ്ഥയാണ് നിലവിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് 22 മീറ്റർ പൊക്കുന്നതുമൂലം സമീപസ്ഥലത്തെ തന്റെ വീട്ടിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കാവനൂർ സ്വദേശി മോഹൻദാസ് പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയിലെ ക്ഷേത്രങ്ങളുടെ പുനഃപ്രതിഷ്ഠ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് ഏളങ്കൂർ സ്വദേശിയും ക്ഷേത്ര ട്രസ്റ്റിയുമായ വിജീഷും ചാരങ്കാവ് ശിവക്ഷേത്രം പ്രതിനിധി നാരായണനും ആവശ്യപ്പെട്ടു.
പാതക്ക് ഇരുവശവും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും ഗ്രീൻഫീൽഡ് എന്ന പേര് പേരിൽമാത്രം ഒതുങ്ങരുതെന്നും വാഴക്കാട് സ്വദേശിനി സരോജിനി പറഞ്ഞു. എല്ലായിടത്തും സർവിസ് റോഡ് ഇല്ലാത്തത് പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലംവിട്ടുനൽകിയ ഭൂവുടമകളുടെ പ്രതിനിധി അബ്ദുൽ മജീദ് പറഞ്ഞു. തെളിവെടുപ്പിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് റീജനൽ ഓഫിസിലെ എൻവയൺമെന്റൽ എൻജിനീയർ ശബ്ന കുഷേശേഖർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസർ വരുൺ നാരായണൻ, ഡെപ്യൂട്ടി കലക്ടർ എൻ.കെ. കൃപ, എൻ.എച്ച് പ്രോജക്ട് ഡയറക്ടർ (ഗ്രീൻഫീൽഡ്) അൻസിൽ ഹസ്സൻ എന്നിവർ പങ്കെടുത്തു.
മലപ്പുറം: നിർദിഷ്ട ഗ്രീൻഫീൽഡ് പാത ജില്ലയിലൂടെ കടന്നുപോകുന്ന 52 കി.മീ. ദൈർഘ്യത്തിൽ 42 കി.മീറ്ററിലും സർവിസ് റോഡ് ഉണ്ടാകുമെന്ന് എൻ.എച്ച് പ്രോജക്ട് ഡയറക്ടർ (ഗ്രീൻഫീൽഡ്) അൻസിൽ ഹസ്സൻ അറിയിച്ചു. റോഡ് നിർമാണത്തിന് പറ്റാവുന്ന എല്ലായിടത്തും സർവിസ് റോഡ് നിർമിക്കും. കോഴിക്കോട് ജില്ലയോട് ചേർന്ന വലിയ കുന്നുകളുള്ള ചില ഭാഗങ്ങളിൽ മാത്രമാണ് സർവിസ് റോഡ് മുറിഞ്ഞുപോയിട്ടുള്ളത്. സാങ്കേതികമായി ഇവിടെ റോഡ് നിർമാണം അസാധ്യമാണ്.
ഈ ഭാഗങ്ങളിലുള്ളവർക്ക് പുറത്തുകടക്കാൻ മറ്റു മാർഗങ്ങൾ ഒരുക്കും. വലിയ പാലങ്ങളിൽ സർവിസ് റോഡ് ഉണ്ടായിരിക്കില്ല. പ്രവേശന നിയന്ത്രിത പാതയായതിനാൽ സർവിസ് റോഡിൽനിന്ന് ഹൈവേയിലേക്ക് കടക്കുന്നിടങ്ങളിലെല്ലാം ടോൾ ബൂത്ത് ഉണ്ടാകും. ജില്ലയിൽ ഇത്തരം ആറു ടോൾ ബൂത്തുകൾ ഒരുക്കും. സർവിസ് റോഡിൽനിന്ന് പ്രധാന പാതയിലേക്കു പ്രവേശിക്കാൻ ടോൾ നൽകണം. കയറുന്നതു മുതൽ ഇറങ്ങുന്നതുവരെയുള്ള ദൂരത്തിനുമാത്രം ടോൾ നൽകിയാൽ മതി. സർവിസ് റോഡിൽ ടോൾപിരിവ് ഉണ്ടാകില്ലെന്നും അൻസിൽ ഹസ്സൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.