എടയൂർ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേന അംഗങ്ങളുടെ തൊഴിൽ വഴിയിലെ അനുഭവങ്ങൾ എഴുത്തുകളായി രൂപപ്പെട്ടപ്പോൾ അത് വേറിട്ട അനുഭവമായി. തൊഴിൽ വഴിയിലെ പ്രയാസങ്ങളും അവയെ അതിജീവിച്ച് മുന്നേറിയതും ജീവിക്കുന്ന ഇടങ്ങളെ മാലിന്യ മുക്തമാക്കാൻ പ്രയത്നിച്ചതും ഉൾപ്പടെയുള്ള നേരനുഭവങ്ങളാണ് എടയൂർ പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾ ‘ഒരുമ’ എന്ന ചെറുപുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. വനിത ദിനത്തിൽ അനുഭവക്കുറിപ്പുകൾ എഴുതാൻ ഐ.ആർ.ടി.സി ആണ് ഹരിത കർമസേന അംഗങ്ങളോട് ആവശ്യപ്പെട്ടത്. തുടർന്ന് 31 പേർ അടങ്ങുന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങളെ അക്ഷരങ്ങളാക്കി.
മാലിന്യമുക്തമായ നല്ല നാളെക്കായി പ്രവർത്തിക്കാൻ കഴിഞ്ഞത് ആനന്ദമായി കരുതുന്നുവെന്നാണ് 65 കാരിയായ മുണ്ടി എഴുതിയത്. ജീവിതത്തിലെ വലിയ ആഗ്രഹമായ വീട് നിർമാണത്തിന് തന്റെ വരുമാനത്തിലൂടെ തുടക്കം കുറിക്കാൻ സാധിച്ച സന്തോഷമാണ് ഹർഷയുടെ വരികളിലുള്ളത്.
വീട്ടമ്മയായി ഒരുങ്ങിക്കഴിഞ്ഞ തന്നെ ആളുകളുമായി ഇടപഴകാനും സംസാരിക്കാനും പഠിപ്പിച്ചത് ഈ തൊഴിലാണെന്ന് രാധാമണിയും മനസ്സിനെ തളർത്തിയ ജീവിത പരീക്ഷണങ്ങളിൽ തളരാതെ ഞാനിന്ന് ലഭിച്ച തൊഴിലിൽ സംതൃപ്തയാണെന്ന് ഷീജയും എഴുത്തിലൂടെ പങ്കുവെച്ചു.
ഒരുമയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, റസീന തസ്നി, അംഗങ്ങളായ ജൗഹറ, സി.ടി. ദീപ, ഐ.ആർ.ടി.സി കോഓഡിനേറ്റർ മാരായ ജെ. സോമനാഥൻ, സുധീക് ചേകവർ, ഹസ്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.