പടിഞ്ഞാറ്റുമുറി: പത്തുവർഷത്തിലേറെ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി മലപ്പുറം പടിഞ്ഞാറ്റുമുറി ബി.എഡ് കോളജിൽ പ്രിൻസിപ്പൽ ഗോപാലൻ മങ്കട തയാറാക്കിയ പൈതൃക മ്യൂസിയം കോളജിൽനിന്ന് നീക്കം ചെയ്യാൻ നിർബന്ധിതമാകുന്നു. കോളജ് നവീകരണ ഭാഗമായി സ്ഥലപരിമിതി മൂലമാണ് പൈതൃക മ്യൂസിയം ഒഴിവാക്കുന്നത്. പഴയ തലമുറയെയും പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന, കാർഷിക സംസ്കാര ശേഷിപ്പുകളായ ഏത്തക്കൊട്ട, കലപ്പ, ഉരൽ, ഉലക്ക, കുന്താണി, മെതിയടി, വെള്ളിക്കോൽ, പാതാളക്കരണ്ടി, അത്താണി, കഞ്ഞിക്കുഴി തുടങ്ങി മുന്നൂറോളം വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ഇരുനൂറിലധികം കല്ലുകളടങ്ങിയ മ്യൂസിയവും പ്രിൻസിപ്പൽ സ്വന്തമായി നിർമിച്ച ദാരുവേരു ശിൽപങ്ങളും ശേഖരത്തിലുണ്ട്. ഏറെ വർഷത്ത അധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ കലവറ എങ്ങോട്ട് മാറ്റും എന്നറിയാതെ സങ്കടപ്പെടുകയാണ് ഗോപാലൻ മാഷ്.
ഓരോ വർഷവും ആയിരത്തിലധികം സ്കൂൾ വിദ്യാർഥികളും ചരിത്രകുതുകികളായ പൊതുജനങ്ങളും മ്യൂസിയം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മ്യൂസിയം, മലബാർ ഹെറിറ്റേജ് മ്യൂസിയം എന്ന പേരിൽ പൊതുസംവിധാനത്തിന്കീഴിൽ കൊണ്ടുവരുവാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. മ്യൂസിയം വരും തലമുറകൾക്കുവേണ്ടി കാത്തുസൂക്ഷിക്കാൻ താൽപര്യമുള്ളവർ രംഗത്തുവന്ന് സഹകരിക്കണമെന്നാണ് ഗോപാലൻ മാഷിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.