മലപ്പുറം: കരൾമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് മുടങ്ങാതെ സൗജന്യമായി മരുന്ന് എത്തിച്ച് സംസ്ഥാനത്തിന് മാതൃക കാട്ടുകയാണ് ജില്ല പഞ്ചായത്ത്. നിലവിൽ ഒമ്പത് കുട്ടികളടക്കം 103 പേരുള്ള പദ്ധതി ആരംഭിച്ച് ഒന്നര വർഷത്തോട് അടുക്കുമ്പോൾ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും നല്ലത് മാത്രമേ പദ്ധതിയെക്കുറിച്ച് പറയാനുള്ളൂ. ഇതുവരെ മരുന്ന് നൽകാൻ മാത്രം ചെലവഴിച്ചത് 62 ലക്ഷം രൂപയാണ്. ഇതിൽ കഴിഞ്ഞ വർഷം മാത്രം 40 ലക്ഷം രൂപയുടെ മരുന്നുകളാണ് കരൾമാറ്റ ശസ്ത്രക്രിയ ചെയ്തവർക്കായി വിതരണം ചെയ്തത്. ഈ വർഷം ഇതുവരെ 22 ലക്ഷം രൂപയുടെ മരുന്ന് നൽകിക്കഴിഞ്ഞു. മൂന്ന് മാസം കൂടുമ്പോഴാണ് മരുന്ന് വിതരണം.
ഡോക്ടർമാർ കുറിച്ച് നൽകുന്ന മരുന്ന് ബ്രാൻഡുകൾ മാറാതെത്തന്നെ ഇതുവരെ എല്ലാവർക്കും എത്തിക്കാൻ കഴിഞ്ഞതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന നിലമ്പൂര്‍ ജില്ല ആശുപത്രി ലേ സെക്രട്ടറി പി. വിജയകുമാര്‍ പറഞ്ഞു.
ഓരോ രോഗിക്കും 3000 മുതൽ 7000 വരെ രൂപ വിലയുള്ള മരുന്ന് വേണ്ടി വരാറുണ്ട്. ഇതനുസരിച്ച് തുകയിലും മാറ്റം വരും. അതത് പ്രദേശങ്ങളിലെ ജില്ല പഞ്ചായത്ത് അംഗങ്ങൾക്കോ രോഗികൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ നേരിട്ടെത്തിയോ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പദ്ധതിയിൽ ചേരാനായി അപേക്ഷ നൽകാം. ജില്ല പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്തിയാലും അപേക്ഷ അതത് വാർഡ് അംഗങ്ങൾക്ക് കൈമാറും.
കരള്‍ മാറ്റിവെച്ചവര്‍ ഒത്തുചേര്‍ന്നു
മലപ്പുറം: ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച കരൾ മാറ്റിവെച്ചവരുടെ സംഗമം പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരള്‍ മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്ന് നല്കുന്ന ജില്ല പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്നും ആനുകൂല്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, നിലമ്പൂര്‍ ജില്ല ആശുപത്രി ലേ സെക്രട്ടറി പി. വിജയകുമാര്‍, അഡ്വ. കെ. മുഹമ്മദലി, വികസന സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുൽ റഷീദ് എന്നിവര്‍ സംസാരിച്ചു. കരള്‍ മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്ന് നല്കുന്ന ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. 77 പേര് പങ്കെടുത്തു. നിലമ്പൂര്‍ ജില്ല ആശുപത്രി മുഖേനയാണ് സൗജന്യ മരുന്ന് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.