മലപ്പുറം: ജില്ലയിൽ ജലാശയ അപകടങ്ങൾ വർധിക്കുന്നതായി കണക്ക്. ഈ വർഷം ഇതുവരെ പൊലിഞ്ഞത് മുപ്പതിലെറെ ജീവനുകൾ. പുഴ, കുളം, കനാൽ, ക്വാറി എന്നിവിടങ്ങളിലാണ് അധിക മരണവും. അഗ്നിശമന സേന എത്തും മുമ്പ് തന്നെ വെള്ളത്തിൽ മുങ്ങിമരിച്ചവരും നാട്ടുകാർ രക്ഷപ്പെടുത്തിയവരുമുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ മരണസംഖ്യയിൽ വർധനവുണ്ടാകും. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ് -53 പേർ. അടുത്തിടെ വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയിൽ മൂന്ന് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. നിലമ്പൂർ മമ്പാട് ചാലിയാർ പുഴയിൽ സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികളും മലപ്പുറം കാരത്തോട്ട് കടലുണ്ടി പുഴയിൽ വേങ്ങര സ്വദേശിയായ വിദ്യാർഥിയുമാണ് മരിച്ചത്.
ജലാശയ മരണങ്ങൾ വർധിക്കാൻ കാരണം ജാഗ്രത കുറവും സുരക്ഷിതത്വമില്ലായ്മയുമാണ്. നീന്തൽ പരിചിതമായവർ പോലും പലപ്പോഴും അപകടങ്ങളിൽ പെടാറുണ്ട്. യുവാക്കളും കുട്ടികളുമാണ് മരിക്കുന്നവരിൽ കൂടുതലും. ജലാശയങ്ങൾക്ക് പേരുകേട്ട നാടാണ് മലപ്പുറമെങ്കിലും ജലശയ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പിന്നിലാണ്. പ്രത്യേകിച്ച് സുരക്ഷാ സാമഗ്രികളുടെ ഉപയോഗത്തിൽ. മുതിർന്നവരില്ലാതെ കുട്ടികളെ മാത്രം കുളിക്കാൻ വിടുന്നതും അപകടത്തിന് ആക്കം കൂട്ടുന്നു.
സംസ്ഥാനത്ത് പ്രതിവർഷം 1000 മുതൽ 1200 വരെ ആളുകൾ മുങ്ങിമരിക്കുന്നു എന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. അതിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. അതുകൊണ്ടുതന്നെ റോഡ് അപകടം കുറക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുപോലുള്ള സുരക്ഷാക്രമീകരണങ്ങൾ വെള്ളത്തിലും പാലിക്കണം.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ലൈഫ് ജാക്കറ്റിനെ കുറിച്ച് ഓർക്കാറ്. ജലാശയ വിനോദങ്ങളിലും ജലഗതാഗത സമയത്തും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നത് നിർബന്ധമാണെങ്കിലും പാലിക്കപ്പെടാറില്ല. അപകടങ്ങളുണ്ടാവില്ല എന്ന അമിത ആത്മവിശ്വാസമാണ് ഇതിനുകാരണം. നാട്ടുകാർ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ പോലും ഇത് ഗൗനിക്കാതെ വെള്ളത്തിൽ ഇറങ്ങുന്നവരും കൂടുതലാണ്.
അവധി ദിവസങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. മത്സ്യബന്ധനത്തിനും കക്ക വാരാനും മറ്റുമായി പുഴയിലും കടലിലും ഇറങ്ങുന്നവർ സുരക്ഷ ഉപകരണങ്ങൾ നിർബന്ധമായും കരുതണമെന്ന മുന്നറിയിപ്പും ആരും വകവെക്കാറില്ല. വെള്ളത്തിൽ മുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.