മലപ്പുറം: പയ്യനാട്ട് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കാൻ 300 കോടി രൂപ വേണമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളായ ഫുട്ബാൾ താരങ്ങളെ ആദരിക്കുന്ന ലെജൻഡ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ഥലത്ത് പുതിയ സ്റ്റേഡിയം നിർമിക്കാൻ 60 കോടി രൂപയാണ് ആദ്യം വകയിരുത്തിയത്. തുടർന്ന് ബന്ധപ്പെട്ട ചർച്ചകളും നടത്തി. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ തുക മതിയാകില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഫിഫ അംഗീകാരത്തോടെയുള്ള സ്റ്റേഡിയം ഇന്ത്യയിലില്ല.
അന്താരാഷ്ട്ര മത്സരങ്ങൾ നടക്കണമെങ്കിൽ ഇത്തരം സ്റ്റേഡിയങ്ങൾ ആവശ്യവുമാണ്. ഇതെല്ലാം പരിഗണിച്ച് മികച്ച സ്റ്റേഡിയം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രവൃത്തികൾ ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഇത്രയും ജനങ്ങളുണ്ടായിട്ടും ഇന്ത്യയിൽ ഫുട്ബാളിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുന്നില്ലെന്നതിൽ സങ്കടമുണ്ട്. മികച്ച 11 കളിക്കാരെ കണ്ടെത്താൻ നാം പ്രയാസപ്പെടുകയാണ്. പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പയ്യനാട് മൈതാനത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ജൂലൈ നാലിന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു
ടൗൺഹാളിൽ നടന്ന പരിപാടിയിൽ എം.എസ്.പി കമാൻഡന്റ് കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ, കെ.പി. സക്കീർ ഹുസൈൻ, കെ.ടി. ചാക്കോ, സുധീർകുമാർ, കെ.പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ ഫുട്ബാൾ താരങ്ങളെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.