മഞ്ചേരി: പരിശോധനകളും ബോധവത്കരണങ്ങളും ശക്തമാകുമ്പോഴും ജില്ലയിലേക്ക് ലഹരി ഒഴുക്ക് നിർബാധം തുടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാല് കോടിയിലധികം രൂപയുടെ ലഹരി ഉൽപന്നങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസും എക്സൈസും നാർകോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇതിൽ കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹഷീഷ് ഓയിലും ഉൾപ്പെടും. 11 പേരെ അറസ്റ്റ് ചെയ്തു.
ഈ മാസം ആദ്യം തിരൂരിലാണ് വൻ ലഹരി വേട്ട നടന്നത്. ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. വിപണിയിൽ രണ്ട് കോടിയിലധികം രൂപ വില വരും. തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽപെട്ട അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലെ മൂന്ന് പേെര പിടികൂടുകയും ചെയ്തു.
ഒരാഴ്ച മുമ്പ് പൂക്കോട്ടുംപാടം കൂറ്റമ്പാറയിൽനിന്ന് 183 കിലോ കഞ്ചാവും ഒരുലിറ്റർ ഹഷീഷ് ഓയിലും എക്സൈസ് സംഘം പിടികൂടിയിരുന്നു. സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ ചെറു പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടിയിൽ മൂന്ന് പേരും പിടിയിലായിരുന്നു.
ആന്ധ്രപ്രദേശിൽനിന്നാണ് കൂടുതലായും കഞ്ചാവ് എത്തിക്കുന്നത്. ഒരു കിേലാക്ക് 1500 മുതൽ 2000 രൂപ വരെ നൽകിയാണ് കേരളത്തിലെത്തിക്കുന്നത്. പച്ചക്കറി വാഹനങ്ങളിലും ബൈക്കിലും കാറുകളിൽ പ്രത്യേകം അറകൾ തയാറാക്കിയുമാണ് ജില്ലയിലെത്തിക്കുന്നത്. ഇവിടെ വിൽപന നടത്തുമ്പോൾ രണ്ട് കിലോക്ക് 80,000 മുതൽ 90,000 രൂപ വരെ ഈടാക്കും. 'ഒരു പാർസൽ' എന്നാണ് ഇതിന് ലഹരി വിൽപനക്കാർക്കിടയിൽ അറിയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് തന്നെ നല്ല ലാഭം ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഈ രംഗത്തേക്ക് വരുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ് എം.ഡി.എം.എ എത്തിക്കുന്നത്. ഗ്രാമിന് 4000 മുതൽ 5000 രൂപ വരെയാണ് വില. 25 ഗ്രാം എം.ഡി.എം.എയുമായി ചൊവ്വാഴ്ച അരീക്കോട് സ്വദേശിയായ 25കാരൻ മഞ്ചേരിയിൽ നാർകോട്ടിക് സ്ക്വാഡിെൻറ പിടിയിലായിരുന്നു. നഗരത്തിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നു. 'ഒാപറേഷൻ അക്ക' എന്ന പേരിൽ മഞ്ചേരി എക്സൈസ് സംഘം തമിഴ്നാട്ടിൽനിന്ന് സംസ്ഥാനത്തേക്ക് കടത്താനിരുന്ന 74 കിലോ കഞ്ചാവ് പിടികൂടിയതും അടുത്തിടെയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് കിലോ ഹെറോയിനുമായി നൈജീരിയക്കാരി പിടിയിലായ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.