മലപ്പുറം: മലപ്പുറം നഗരസഭയിൽ നടപ്പാക്കിയ സൗജന്യ വൈഫൈ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയിൽനിന്ന് കോടതിയലക്ഷ്യ നോട്ടീസ്. പദ്ധതി കരാറെടുത്ത റെയിൽടെൽ കോർപറേഷൻ നൽകിയ കേസിലാണ് നോട്ടീസ്. പദ്ധതി പ്രകാരം ബാക്കി ലഭിക്കാനുള്ള തുക നഗരസഭയിൽനിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽടെൽ കേസിന് പോയത്. കേസിൽ ഒക്ടോബർ 28ന് ഹൈകോടതിയിൽ ഹിയറിങ് നടക്കും. ഹിയറിങ്ങിൽ സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നൽകണം. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗ അജണ്ടയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം ബാക്കി റെയിൽടെലിന് പണം നൽകിയില്ലെങ്കിൽ നഗരസഭ സെക്രട്ടറിയുടെ ശമ്പളത്തിൽനിന്ന് പിടിച്ച് നൽകാൻ ഹൈകോടതി ശിപാർശയുണ്ട്.
2015 ആഗസ്റ്റിൽ കരാർ പ്രകാരം1.5 കോടി രൂപ ചെലവിലാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. ഇതിൽ 50 ലക്ഷം ആദ്യഗഡു നൽകിയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. 2018ൽ റെയിൽടെൽ ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2020ൽ ബാക്കി തുക നൽകണമെന്ന് കോടതി വിധിച്ചു. ഈ വിധിക്കെതിരെ നഗരസഭ അപ്പീൽ നൽകാത്തതിന്റെ പേരിൽ കോടതി വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമായി നിരീക്ഷിച്ച് 28ന് സെക്രട്ടറിയോട് ഹൈകോടതിയിൽ നേരിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നഗരസഭാപരിധിയിലെ മുഴുവനാളുകൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ സൗജന്യ വൈഫൈ നൽകുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ഉപഭോക്താവിന് 250 കെ.ബി.പി.എസ് വേഗം ലഭിക്കുമെന്നായിരുന്നു അവകാശവാദം. ആദ്യഘട്ടത്തിൽ കോട്ടപ്പടിയിലും കുന്നുമ്മലിലും വൈഫൈ നൽകി തുടങ്ങി. നഗരസഭ പരിധിയിൽ 16 പോയന്റുകളാണ് വൈഫൈക്കായി സ്ഥാപിച്ചത്. ആളുകളിൽനിന്ന് സ്വീകരിച്ച അപേക്ഷ പ്രകാരം നൽകി ഏഴായിരത്തോളം പേർക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. പിന്നീട് പദ്ധതി ലാഭകരമല്ലെന്ന് കാണിച്ച് നിർത്തിവെക്കുകയായിരുന്നു.
കരാർ കമ്പനിയുടെ വീഴ്ച ചൂണ്ടികാണിക്കും
എല്ലാവർക്കും പ്രയോജനപ്പെടുത്താനാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ നഗരസഭയിൽ കുറഞ്ഞ പേർക്ക് മാത്രമാണ് ഉപകാരപ്പെട്ടത്. ഈ വിഷയം കോടതിയിൽ ചൂണ്ടിക്കാണിക്കും. ഇതിനായി പുതിയ അഭിഭാഷകനെ നിയോഗിക്കും. ഇതുവഴി കരാർ കമ്പനിയുടെ വീഴ്ച തുറന്ന് കാണിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പി.കെ. അബ്ദുൽ ഹക്കീം (നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ)
നഗരസഭക്ക് വലിയ നഷ്ടം
സംഭവത്തിൽ കൃത്യമായ തുടർച്ചയില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. നഗരസഭക്ക് വലിയ നഷ്ടമാണ് പദ്ധതി വഴി വന്നത്. ഇതെല്ലാം ചർച്ച ചെയ്ത് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അല്ലാതെ കരാർ കമ്പനിക്ക് പണം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല.
ഒ. സഹദേവൻ (നഗരസഭ പ്രതിപക്ഷ നേതാവ്)
പഠിക്കാൻ സാങ്കേതിക സമിതി
മലപ്പുറം: സൗജന്യ വൈഫൈ പദ്ധതി കോടതിയലക്ഷ്യ നോട്ടീസിൽ വിഷയം പഠിച്ച് അവതരിപ്പിക്കാൻ സാങ്കേതിക സമിതിയെ നിയോഗിക്കാൻ കൗൺസിൽ യോഗം അനുമതി നൽകി. ജില്ല പ്ലാനിങ് ബോർഡ് അംഗീകരിച്ച സാങ്കേതിക സമിതി അംഗം അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പരിശോധന നടത്തും. സാങ്കേതിക സമിതി വൈഫൈ ഉപകരണങ്ങളുടെ ക്ഷമത, വിലനിലവാരം തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് നഗരസഭക്ക് നൽകും.
ഈ റിപ്പോർട്ടുമായി നഗരസഭ 28ന് ഹൈകോടതിയെ സമീപിച്ച് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ അവതരിപ്പിക്കും. ഇതുവഴി കാര്യങ്ങൾ ഹൈകോടതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. കൂടാതെ കേസ് വാദിക്കാനായി നിലവിലുള്ള അഭിഭാഷകന് പകരം പുതിയ ആളെ നിയോഗിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.