കാവനൂർ: രണ്ടാം ക്ലാസുകാരൻ ഇസ്മായിൽ ഹാഷിമിന് പഠിക്കാൻ മണ്ണെണ്ണ വിളക്ക് കത്തിക്കണം, മൊബൈൽ ചാർജ് ചെയ്യണമെങ്കിൽ അടുത്തുള്ള വീട്ടുകാരെ ആശ്രയിക്കണം. കാവനൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വടശ്ശേരി കൊല്ലംപടിയിൽ താമസിക്കുന്ന കൊടാക്കോടൻ മുഹമ്മദ് ഷാഫിയുടെ മകൻ ഇസ്മായിൽ ഹാഷിമിെൻറ ഓൺലൈൻ പഠനത്തിനായാണ് മാതാവ് റുബയ്യ മൊബൈലുമായി നെട്ടോട്ടമോടുന്നത്. മൊബൈൽ ചാർജ് ചെയ്യണമെങ്കിൽ അടുത്തുള്ള വീട്ടുകാരെ ആശ്രയിക്കണം. വൃദ്ധരായ ഷാഫിയുടെ മാതാപിതാക്കൾ കൊടാക്കോടൻ രായീൻകുട്ടിയും ഫാത്തിമയും താമസിക്കുന്ന വീടു കൂടിയാണിത്. ഈ പ്രായം ചെന്ന കാലത്തും ഇരുവർക്കും കൂരിരുട്ടിൽ ദിവസങ്ങൾ തള്ളി നീക്കേണ്ട ഗതികേടാണ്. തൊട്ടടുത്ത വീടുകളിലൊക്കെ വൈദ്യുതി വെളിച്ചം കത്തുമ്പോൾ ആ വെളിച്ചത്തിലേക്ക് നോക്കിയിരുന്ന് തങ്ങൾക്കും വൈദ്യുതി ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിൽ മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുകയാണീ ഈ കുടുംബം.
അഞ്ചു മാസം മുമ്പാണ് നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ നിർമിച്ച പുതിയ വീട്ടിലേക്ക് ഇവർ താമസം മാറിയത്. അന്നു മുതൽ തുടങ്ങിയതാണ് വൈദ്യുതിക്ക് വേണ്ടിയുള്ള കുടുംബത്തിെൻറ നെട്ടോട്ടം. പല കാരണങ്ങളാൽ അരീക്കോട് കെ.എസ്.ഇ.ബി അധികൃതർക്ക് കണക്ഷൻ നൽകാനായില്ല. വൈദ്യുതി ലഭിക്കണമെങ്കിൽ വൈദ്യുതി കാൽ നാട്ടി ലൈൻ വലിക്കണം. വലിയ തുകയാണ് ഇതിനായി വേണ്ടി വരിക. ഈ തുക നൽകാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല. ദാരിദ്ര്യരേഖക്ക് താഴെയാണ് കുടുംബം.
വീട്ടിൽ ചെയ്ത വൈദ്യുതീകരണ പ്രവൃത്തിയിൽ ഗാർഹിക വാട്സ് കൂടിയതിനാൽ സൗജന്യമായി വൈദ്യുതി കാൽ നൽകാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിക്കുകയായിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുടുംബം പി.കെ. ബഷീർ എം.എൽ.എയോട് പരാതിപ്പെട്ടു. കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടു. വാട്സ് കുറച്ച് കാണിച്ച് അപേക്ഷ നൽകിയാൽ സൗജന്യമായി കണക്ഷൻ നൽകാമെന്ന് അധികൃതർ അറിയിച്ചു. അതനുസരിച്ച് ചെയ്ത വയറിങ് ജോലികൾ വെട്ടിപ്പൊളിച്ച് വാട്സ് കുറച്ച് വീണ്ടും അപേക്ഷ നൽകി. ഒരു മാസമാകുന്നു ഈ അപേക്ഷ നൽകിയിട്ട്. എന്നാൽ, ഇതുവരെ വൈദ്യുതി ഇവർക്കെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.