പുലാമന്തോൾ (മലപ്പുറം): സ്വന്തമായി ഒരു തുണ്ട് ഭൂമി അതിലൊരു വീട് എന്ന സ്വപ്നവുമായി ആദിവാസി കുടുംബങ്ങളുടെ കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ടിലേറെയായി പഴക്കം. പുലാമന്തോൾ പഞ്ചായത്ത് രണ്ടാംവാർഡ് ചീരട്ടാമലയിലെ ആദിവാസി കുടുംബങ്ങളാണ് അധികൃതരുടെ കനിവിനായി അന്യരുടെ ഭൂമിയിൽ കെട്ടിയ കൂരകളിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്നത്. 30 വർഷത്തിനിെട പലരും വരുകയും മോഹന വാഗ്ദാനങ്ങൾ നൽകി മലയിറങ്ങിപ്പോയിട്ടും എന്നെങ്കിലും ലഭിക്കുമെന്ന് ഒരുറപ്പുമില്ലാത്ത ഒരു തുണ്ട് ഭൂമിയും അതിലൊരു കൂരയും പ്രതീക്ഷിച്ചാണ് ഇവരിന്നും കാത്തിരിക്കുന്നത്.
50 വർഷങ്ങൾക്കുമുമ്പ് മാലാപറമ്പിലെ എടത്തറച്ചോല പരിസരങ്ങളിലും മറ്റുമുള്ള വലിയ പാറകൾക്കിടയിലെ അളകളിൽ പാർത്ത് തേൻ രേഖരിച്ചു ജീവിച്ചിരുന്ന കാട്ടുനായ്ക്കർ വിഭാഗത്തിൽപെട്ടവരുടെ പിൻഗാമികളാണ് ഇന്ന് ചീരട്ടാമലയിലെ അഞ്ച് കുടുംബങ്ങൾ. പരിയാപുരം സ്കൂൾ വിദ്യാർഥികളും മറ്റൊരു സന്നദ്ധ സംഘടനയും സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ താൽക്കാലികമായി ഉണ്ടാക്കിക്കൊടുത്ത വീടുകളിൽ കഴിയുന്നത്. കൊച്ചുമുറികൾക്ക് ചുറ്റും തകരഷീറ്റുകൾ കെട്ടിയുണ്ടാക്കിയ രണ്ട് കൂരകളിലാണ് ഇപ്പോൾ കുട്ടികളടക്കം 16 പേരടങ്ങുന്ന ഈ അഞ്ച് കുടുംബങ്ങൾ യാതൊരു സുരക്ഷിതവുമില്ലാതെ ജീവിതം തള്ളിനീക്കുന്നത്.
ചീരട്ടാമലയിൽ അലഞ്ഞുതിരിയുന്ന ദയനീയാവസ്ഥ കണ്ടാണ് സ്വകാര്യവ്യക്തി വീട് വെക്കാൻ അന്ന് അനുവാദം നൽകിയത്. കഴിഞ്ഞമാസം അർബുദം ബാധിച്ച് മരിച്ച യുവതിയെ സംസ്കരിക്കാൻ ആറടി മണ്ണിനും സ്വകാര്യ വ്യക്തിയുടെ കനിവ് വേണ്ടിവന്നു. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഇൻറഗ്രേറ്റഡ് ട്രൈബൽ െഡവലപ്മെൻറ് പ്രോജക്ടിൽ നിന്നുള്ള വൈദ്യ സഹായവും ഭക്ഷണക്കിറ്റുകളുമാണ് ഇവർക്കിന്ന് അധികൃതരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യം. ചീരട്ടാമലയിലെ സ്വകാര്യവ്യക്തിയിൽനിന്ന് പിടിച്ചെടുത്ത മിച്ചഭൂമി ആവശ്യക്കാർക്ക് വിതരണം ചെയ്തതിൽ ഇനിയും നീക്കിയിരിപ്പുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് ഇവർക്ക് വീടുവെക്കാനുള്ള സ്ഥലം വില നൽകിയെങ്കിലും കണ്ടെത്താൻ സ്വകാര്യവ്യക്തികൾ ശ്രമം നടത്തിയിരുന്നു.
ഭൂമി ഇവർക്ക് വിട്ടുനൽകുന്നതിനായി നിരവധി െറേക്കാഡുകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ടുന്ന നൂലാമാലകൾ കാരണം പലരും പിൻതിരിയുകയായിരുന്നു. ലൈഫ്മിഷൻ ഭവന പദ്ധതി നിലവിൽവന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ഇവരുടെ പ്രശ്നങ്ങൾക്കിനിയും പരിഹാരം കാണേണ്ടത് എന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.