തിരൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ബിൽഡിങിന്റെ കിഴക്കുഭാഗത്തുള്ള 24ാം നമ്പർ ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർണമായും നിയന്ത്രിക്കുക നാല് അംഗപരിമിതരായ ഉദ്യോഗസ്ഥർ.
പൊന്നാനി ലോക്സഭ മണ്ഡലത്തിൽ അംഗപരിമിതരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഏക പോളിങ് ബൂത്തും ഇതുതന്നെയാണ്. കൊപ്പം ചുണ്ടപ്പറ്റ സ്വദേശിയും പെരിന്തൽമണ്ണ സഹകരണ വകുപ്പ് ഇൻസ്പെക്ടറുമായ ബൈജുമോനാണ് പ്രിസൈഡിങ് ഓഫിസർ. പടപ്പറമ്പ് സ്വദേശിയും പെരിന്തൽമണ്ണ സഹകരണ വകുപ്പ് ഓഡിറ്ററുമായ മുഹമ്മദ് ജംഷീർ ഫസ്റ്റ് പോളിങ് ഓഫിസറും പൊന്നാനി സ്വദേശിയും വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ക്ലർക്കുമായ നിജുമോൻ സെക്കൻഡ് പോളിങ് ഓഫിസറുമാണ്.
ചെറുകര സ്വദേശിയും മലപ്പുറം ഡി.ഡി.ഇ ഓഫിസ് ക്ലർക്കുമായ കെ. അക്ബറലിയാണ് തേഡ് പോളിങ് ഓഫിസർ. ഇവർക്കുള്ള ഭക്ഷണം, വാഹനം, താമസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ല ഭരണകൂടം ഒരുക്കി നൽകിയിരുന്നു.
ഇത്തരത്തിൽ ജില്ലയിൽ രണ്ട് പോളിങ് സ്റ്റേഷനുകളാണ് അംഗപരിമിതരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത്. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 103ാം നമ്പർ പോളിങ് സ്റ്റേഷനാണ് അംഗപരിമിതരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന മറ്റൊരു ബൂത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.